തിരുവനന്തപുരം: വീണ്ടും വിദേശയാത്ര നടത്താൻ ഒരുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും. അമേരിക്കയും സൗദി അറേബ്യയയുമാണ് മന്ത്രിമാർ സന്ദർശിക്കുന്നത്. ലോക കേരളസഭയുടെ മേഖല സമ്മേളങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വീണ്ടും വിദേശ സന്ദർശനം നടത്താനൊരുങ്ങുന്നത്.
ജൂൺ മാസത്തിലാണ് അമേരിക്കയിലെ സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ സൗദി സമ്മേളനവും നടക്കും. വിദേശ യാത്രയ്‌ക്കായി ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സബ് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുകെ- യുറോപ്പ് മേഖല സമ്മേളനം ലണ്ടനിൽ നടത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രിയടക്കമുള്ളവർ പങ്കെടുത്തിരുന്നു.
ബ്രിട്ടണിൽ ലോക കേരള സഭയുടെ യുകെ-യൂറോപ്പ് മേഖലാ സമ്മേളനം പിണറായി വിജയനായിരുന്നു ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ പി.രാജീവ്, വി.ശിവൻകുട്ടി, വീണാ ജോർജ് എന്നിവരും പങ്കെടുത്തിരുന്നു. യൂറോപ്പ് സന്ദർശനത്തിൽ മുഖ്യമന്ത്രിയ്‌ക്കൊപ്പം കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. മന്ത്രി വി.ശിവൻകുട്ടിയും ഭാര്യയെ ഒപ്പം കൂട്ടിയിരുന്നു. പ്രതിനിധി സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പ്രത്യേക പരിഗണനങ്ങളെല്ലാം ലഭിച്ചുകൊണ്ടുള്ള മന്ത്രിമാരുടെ കുടുബാംഗങ്ങളുടെ വിദേശ സന്ദർശനം ഏറെ വിവാദമായിരുന്നു.















