ഹൈദരാബാദ്: ആന്ധാപ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കിരൺ കുമാർ റെഡ്ഡി ബിജെപിയിലേക്ക് എന്ന് റിപ്പോർട്ട്്. 12 മണിയ്‌ക്ക് അംഗത്വമെടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് രാജി സമർപ്പിച്ചിരുന്നു.
കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഏറെ കാലമായി വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം. 2014-ന് ശേഷം അദ്ദേഹത്തെ പാർട്ടി പരിപാടികളിൽ നിന്ന് അകന്ന് നിൽക്കുകയായിരുന്നു. ആന്ധാപ്രദേശിനെ വിഭജിക്കാനുള്ള യുപിഎ സർക്കാരിന്റെ തീരുമാനത്തോട് കടുത്ത പ്രതിഷേധമായിരുന്നു അദ്ദേഹത്തിന്. തുടർന്ന് ‘ജയ് സമൈക്യന്ദ്ര’ എന്ന സംഘടന രൂപീകരിക്കുകയും 2014-ലെ ഇലക്ഷനിൽ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ സമ്പൂർണ്ണ പരാജയത്തെ തുടർന്ന് രാഷ്‌ട്രീയത്തിൽ നിന്ന് വർഷങ്ങൾ വിട്ടുനിന്നതിന് പിന്നാലെ 2018-ൽ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.
കോൺഗ്രസിൽ തിരിച്ചെത്തിയതിന് ശേഷവും അദ്ദേഹം പാർട്ടിയിൽ നിഷ്‌ക്രിയനായിരുന്നു. 2019-ലെ പൊതു തിരഞ്ഞെടുപ്പ് സമയത്തും അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നില്ല. കിരൺ കുമാർ റെഡ്ഡിയുടെ പിതാവ് എൻ. അമർനാഥ് റെഡ്ഡി അന്നമയ്യ ജില്ലയിലെ വയൽപാഡു നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎ ആയിരുന്നു. കിരൺകുമാർ റെഡ്ഡിയും മൂന്ന് തവണ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചു.















