കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുകയാണ് പോലീസ്. ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരെ പെട്രോളൊഴിച്ച് തീവച്ച സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. നിലവിൽ സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാൾ മൂന്ന് സിംകാർഡുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവസാനം വിളിച്ച നമ്പരുകൾ എല്ലാം സ്വിച്ച് ഓഫ് ആയതിനാൽ സംശയം വർദ്ധിക്കുകയാണ്. ഇത് ആരൊക്കെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഷാരൂഖിന് ഭീകര ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതോടെയാണ് ഇത്.
കേരളത്തിൽ ആദ്യമായി വന്ന ഷാരൂഖിന് കൃത്യമായി ഷൊർണൂരിൽ ഇറങ്ങാനും ഓട്ടോ വിളിച്ച് പമ്പിൽ പോകാനുമെല്ലാം പ്രാദേശിക സഹായം കിട്ടിയെന്നാണ് നിലവിലെ സംശയം. കോഴിക്കോട്ട് ട്രെയിനിൽ ആക്രമണം നടത്താനായിരുന്നെങ്കിൽ ഷൊർണൂർ വരെ പോകേണ്ടതില്ല. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം നിരവധി പമ്പുകളുള്ളതിനാൽ
ഇവിടെ നിന്ന് പെട്രോൾ വാങ്ങി ട്രെയിനിൽ കയറിയാൽ മതി. ഇതിനാപ്പം ഡി-വൺ കോച്ച് തെരഞ്ഞെടുത്തതിലും ദുരൂഹതയുണ്ട്. ഡി-വൺ കോച്ചിന് പിറകിൽ എ.സി കംപാർട്ട്മെന്റാണ്. തീയിടുമ്പോൾ നിറയെ കർട്ടനുകളും മറ്റുമുള്ള എ.സി കോച്ചിൽ വളരെ വേഗം തീ പടരാനുള്ള സാദ്ധ്യതയുണ്ട്. പാലത്തിനു മുകളിൽ വച്ചാണെങ്കിൽ അപകടത്തിന്റെ ആഴം വിവരണാതീതമാണ്. ഷഹീൻബാഗിൽ നിന്ന് വന്ന മരപ്പണിക്കാരനായ യുവാവ് ഇത്രയും ചെയ്തെങ്കിൽ പിന്നിൽ വലിയ ശക്തികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം തന്നെ ആക്രമത്തിന് പിന്നിൽ തീവ്രവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഷഹീൻബാഗിലെ ബന്ധുക്കളുടെ മൊഴികളും 2021 മുതലുള്ള ഷാരൂഖിന്റെ ഫോൺകോളുകളും ചാറ്റുകളും പരിശോധിക്കും. ഷഹീൻബാഗിൽ നിന്ന് ഷൊർണൂരിലേക്ക് എത്തിയതും അവിടത്തെ പെട്രോൾ പമ്പ് തെരഞ്ഞെടുത്തതുമെല്ലാം വലിയ ആസൂത്രണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കേരളത്തിൽ നിന്നുള്ള സംഘം ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഇതിൽ ഷാരൂഖ് സെയ്ഫിക്ക് മാനസികപ്രശ്‌നങ്ങൾ ഉള്ളതായി കാണുന്നില്ല. പൊതുവേ ബഹളക്കാരനായിരുന്ന ഇയാൾ രണ്ടുവർഷമായി ഒതുങ്ങിയ പ്രകൃതമായിരുന്നെന്നാണ് പറയുന്നത്. പുറത്തെ കൂട്ടുകെട്ട് കൂടുകയും, മത കാര്യങ്ങളിൽ കൂടുതൽ നിര്‍ബന്ധം പിടിച്ചു. ഇതെല്ലാം ബാഹ്യ ശക്തികളുമായുള്ള ബന്ധത്തിന്റെ സൂചനയായി കാണുന്നു. ഇതുവരെ കിട്ടിയ തെളിവുകൾ ഭീകര ബന്ധത്തിലേക്ക് നയിക്കുന്നു എന്നാണ് എൻ.ഐ.എ-എ.ടി.എസ് വിലയിരുത്തൽ. കുടാതെ ചോദ്യം ചെയ്യലിൽ തീവ്രവാദബന്ധം ബലപ്പെട്ടാൽ കേസ് പൊലീസ് എൻ.ഐ.എക്ക് കൈമാറും. കേസിൽ എൻഐഎ വെറുതെ ഇരിക്കില്ല. ദേശസുരക്ഷയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്താലും കേന്ദ്ര സർക്കാർ യാതൊരു വിട്ടുവീഴ്ചയും നടത്തില്ല.
മാദ്ധ്യമങ്ങളെ കണ്ട ഡി. ജി.പി അനിൽ കാ ന്തും ഭീകരബന്ധം തള്ളിയിട്ടില്ല. ട്രെയിനിൽ തീവച്ചതിനും ആരുടെയും കണ്ണിൽ പെടാതെ രക്ഷപ്പെട്ടതിനും പിന്നിൽ ഭീകരഗ്രൂപ്പുകളുടെ ആസൂത്രണവും കേരളത്തിൽ ഉൾപ്പെടെ നിരവധി സഹായികളുടെ പങ്കാളിത്തവും സംശയിക്കുന്നു. കോരപ്പുഴ റെയിൽപാലവും ആളൊഴിഞ്ഞ എലത്തൂർ പ്രദേശവുമാണ് ആക്രമണത്തിന് ഷാറൂഖ് തിരഞ്ഞെടുത്തത്. ദൗത്യം പാളിയപ്പോൾ മഹാരാഷ്‌ട്രയിലെ കലംബാനിയിൽ വച്ച് ഷാറൂഖിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് വകവരുത്താൻ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കുറ്റം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമാണെന്ന് ചോദ്യം ചെയ്യലിൽ ഷാറൂഖ് സെയ്ഫി പറഞ്ഞിരുന്നു. ആക്രമണം നടത്തിയാൽ നല്ലത് സംഭവിക്കുമെന്ന് ഒരാൾ ഉപദേശം നൽകിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇയാൾ കേരളാ പോലീസിനോട് പറഞ്ഞത്. യാത്രയ്‌ക്കിടയിൽ പരിചയപ്പെട്ട സുഹൃത്തും ഒപ്പമുണ്ടായിരുന്നുവെന്നും ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ മുംബൈ വരെയാണ് ഒപ്പമുണ്ടായിരുന്നതെന്നും തീവെപ്പ് കേസിലെ മുഖ്യപ്രതി പറഞ്ഞു. തന്റെ പൊട്ടബുദ്ധിയിലാണ് എല്ലാം ചെയ്തതെന്നും കൂട്ടാളികളില്ലെന്നുമാണ് കേരള പോലീസിനോട് ഇയാൾ പറഞ്ഞത്.
Comments