തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപി സർക്കാരിനെയും അനുകൂലിച്ച് പ്രസ്താവന നടത്തിയെന്നാരോപിച്ച് കേരളത്തിലെ ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ സൈബർ ആക്രമണവുമായി കമ്യൂണിസ്റ്റ് സൈബർ ഗ്രൂപ്പുകളും ഇസ്ലാമിസ്റ്റുകളും. സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ കമ്യൂണിസ്റ്റു പാർട്ടിയുടെയും കോൺഗ്രസിന്റെയും നേതാക്കളും രംഗത്തെത്തി. വളരെ മോശമായ ഭാഷയിലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിന്റെയും എംഎൽഎമാരും എംപിമാരുമടക്കം ക്രൈസ്തവ പുരോഹിതരെ അധിക്ഷേപിച്ച് രംഗത്തു വന്നത്. കൊടിക്കുന്നിൽ സുരേഷ് എംപിയും കെ.ടി ജലീൽ എംഎൽഎയുമടക്കമുള്ളവർ ജോർജ് ആലഞ്ചേരിയ്‌ക്കെതിരെ അപകീർത്തിപരമായ പ്രസ്താവനകളാണ് നടത്തിയത്.
‘ചില തിരുമേനിമാരുടെ ബിജെപി പ്രേമം കോൺഗ്രസിന്റെ ആപ്പീസ് പൂട്ടിക്കും. തങ്ങൾ അകപ്പെട്ട കേസു കൂട്ടങ്ങളിൽ നിന്ന് തടിയൂരാനാണ് പുതിയ മോദി സ്തുതി. പുരോഹിതൻമാരുടെ സ്വർത്ഥ താൽപര്യങ്ങൾക്ക് വിശ്വാസികളെ വിട്ട് കൊടുത്ത് മിണ്ടാതിരിക്കരുത്. മുസ്ലിം രാജ്യങ്ങളിൽ നിന്ന് ഇതര മതസ്ഥരെ ഓടിക്കുന്നുവെന്ന് മാർ ആലഞ്ചേരി പിതാവ് പറഞ്ഞു. എല്ലാ മുസ്ലീം രാജ്യത്തും മറ്റ് മതസ്ഥർ സുരക്ഷിതരാണ്. അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ഒരുതരം തല മറന്ന് എണ്ണ തേക്കലാണ് ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിയുടേത്’ എന്നാണ് കെ.ടി.ജലീൽ അധിക്ഷേപിച്ചത്. നാട്ടിൽ സുഖിച്ച് ജീവിക്കുന്ന ഇടയന്മാരാണ് ബിജെപിയെ അനുകൂലിക്കുന്നത് എന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വിവാദ പരാമർശം.
സിറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരി, താമരശ്ശേരി ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനി, തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ഫരീദബാദ് രൂപതാ അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര തുടങ്ങിയ ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കമ്യൂണിസ്റ്റ്- ഇസ്ലാമിസ്റ്റ് സൈബർ ഇടങ്ങൾ അക്രമം അഴിച്ചു വിടുകയാണ്. ‘മോദി നല്ല നേതാവ്, എന്നൊക്കെ പറയുന്ന അപൂർവ്വം മെത്രാന്മാർ ഉണ്ട്. അവർ എന്തുപേടിച്ചാണ് ഇത് പറയുന്നത് എന്നത് എല്ലാവർക്കും അറിയാം’- എന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പരിഹാസം. ക്രൈസ്തവ പുരോഹിതന്മാർക്കെതിരെയുള്ള ഇടത്-വലത് നേതാക്കളുടെ പോസ്റ്റിന് താഴെ ഇസ്ലാമിസ്റ്റുകളും അസഭ്യമായ അധിക്ഷേപങ്ങളുമായി രംഗത്തുണ്ട്. ബിജെപിയെ അനുകൂലിച്ച് പറഞ്ഞാൽ ക്രൈസ്തവ പുരോഹിതരെ വട്ടം ചേർന്ന് ആക്രമിക്കും എന്ന സ്ഥിതിയിലേയ്‌ക്ക് കേരളം മാറിയിരിക്കുകയാണ്. പുരോഹിതന്മാർക്കെതിരെ നടത്തുന്ന ആക്രമങ്ങൾക്കെതിരെ പ്രതിഷേധവുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ക്രൈസ്തവ വിശ്വാസികളും രംഗത്തു വന്നിട്ടുണ്ട്.
Comments