ന്യൂഡൽഹി: കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ നേതാവ് ഗുലാംനബി ആസാദിന്റെ വെളിപ്പെടുത്തൽ. രാഹുൽ വിദേശത്ത് വെച്ച് കളങ്കിതമായ വ്യക്തികളെ കാണുന്നുണ്ടെന്നും അത് ആരാണെന്ന് തനിക്കറിയാം എന്നുമായിരുന്നു ഗുലാംനബിയുടെ പരാമർശം. എന്നാൽ നെഹ്റു കുടുംബത്തോട് ബഹുമാനമുള്ളതിനാൽ താൻ അത് തുറന്നു പറയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാള മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗുലാംനബിയുടെ വെളിപ്പെടുത്തൽ.
രാഹുലിനെ ആരും വഴിതെറ്റിക്കുന്നില്ലെന്നും സ്വയം വഴിതെറ്റുന്നതാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു. കോൺഗ്രസിൽ നിന്നും യുവ നേതാക്കൾ പുറത്ത് പോകുന്നത് നേതൃത്വത്തിന് കഴിവില്ലാത്ത കൊണ്ടാണ്. അനിൽ കെ ആൻറണി ബിജെപിയിലേക്ക് പോയത് കോൺഗ്രസിന്റെ ദൗർഭാഗ്യമാണ്. അധികാരത്തിൽ തിരിച്ചു വരണമെന്ന് ഇപ്പോഴത്തെ നേതാക്കൾക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ജി 23 നേതാക്കൾ തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുണ്ടാക്കാമെന്നാണ് പറഞ്ഞത് എന്നാൽ തനിക്ക് കാത്തുനിൽക്കാൻ സാധിക്കില്ലായിരുന്നു എന്നും ഗുലാംനബി ആസാദ് വെളിപ്പെടുത്തി.
ഗുലാംനബിയുടെ വെളിപ്പെടുത്തൽ കോൺഗ്രസിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. ബിജെപി രാഹുലിന്റെ വിദേശത്ത് ആരെയാണ് കാണുന്നതെന്ന് കോൺഗ്രസ് പാർട്ടി വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗുലാംനബിയുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു.
Comments