വാഷിംഗ്ടൺ: ഇതുവരെ ആരും കാണാത്ത ഒരു ജീവി രാത്രിയിൽ എത്തുന്നു. അത് എത് ജീവിയാണെന്ന് തിരിച്ചറിയാൻ സഹായിക്കണമെന്ന പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. യുഎസ് സൗത്ത് ടെക്സാസിലെ പാർക്ക് അധികൃതരാണ് പോസ്റ്റ് പങ്കുവെച്ചത്. ‘നിഗൂഢ ജീവി’യുടെ ക്യാമറയിൽ പതിഞ്ഞ ചിത്രമാണ് പാർക്കിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്.
ഈ ‘നിഗൂഢ ജീവി’ എതെന്ന് കണ്ടെത്താൻ തങ്ങൾക്ക് സാധിക്കുന്നില്ല. ഇതൊരു പുതിയ ജീവി വർഗ്ഗമാണോ? മറ്റ് മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട് വന്നതാണോ? അതോ രൂപമാറ്റം വന്ന പാർക്ക് റേഞ്ചർ മാത്രമാണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഫേസ്ബുക്കിൽ പാർക്ക് അധികൃതർ കുറിച്ചിരിക്കുന്നത്.
നീളം കുറഞ്ഞതും നാല് കാലുള്ള ഈ മൃഗത്തിന്റെ ദേഹം മുഴുവൻ രോമം നിറഞ്ഞതാണ്. ഇത് ക്യാമറയിൽ വ്യക്തവുമാണ്.
നിരവധിപേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്. വേഷം മാറിയെത്തിയ ഒരു പാർക്ക് റേഞ്ചർ ആണെന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാളുടെ സംശയം ഇത് ഒരു വലിയ എലിയല്ലേ എന്നാണ്. ഇത് ബാഡ്ജർ ഇനത്തിൽപ്പെട്ട മൃഗമാണെന്നും അത് ഗർഭിണിയായതിനാലാണ് ഇത്തരത്തിൽ കാണപ്പെടുന്നത് എന്നും ചിലർ കുറിച്ചു. ഒടുവിൽ പാർക്ക് അധികൃതർ തന്നെ ചിത്രം സംബന്ധിച്ച് സത്യാവസ്ഥ കണ്ടെത്തി. ഇത് ഒരു അമേരിക്കൻ ബാഡ്ജറാണെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.
Comments