മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘ഋഷഭ’. പ്രഖ്യാപനം മുതൽക്കെ ശ്രദ്ധ നേടിയ സിനിമയുടെ ചിത്രീകരണം ജൂലൈയിൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം 2023 ജൂലൈ 9-ന് ഷൂട്ടിംഗ് ആരംഭിക്കും. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. കന്നഡ സംവിധായകൻ നന്ദ കിഷോറാണ് ഋഷഭയുടെ സംവിധായകൻ.
അച്ഛൻ-മകൻ ബന്ധമാണ് കഥയുടെ പശ്ചാത്തലമെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ആക്ഷന് വളരെയധികം പ്രധാന്യം നൽകുന്ന ചിത്രം കൂടിയാണിത്. വിജയ് ദേവരകൊണ്ട മോഹൻലാലിന്റെ മകന്റെ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവർ സിംഗ്, ശ്യാംസുന്ദർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദുബായ് രാജ കുടുംബവും നിർമ്മാണത്തിൽ പങ്കാളികളാണ്.
നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയിൽ അഭിനയിക്കുകയാണ് മോഹൻലാൽ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി. ഈ മാസം അവസാനമാണ് വാലിബന്റെ മൂന്നാം ഷെഡ്യൂൾ ആരംഭിക്കുക. അതിനുശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമാകും.
Comments