എറണാകുളം: പച്ചപ്പ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചൂളൻ എരണ്ട പക്ഷികൾ കൂട്ടത്തോടെ കീഴില്ലത്ത് പറന്നത്തെത്തുന്നതാണ് ഇപ്പോഴത്തെ കൗതുകവാർത്ത. എംസി റോഡിൽ മൂവാറ്റുപുഴയ്ക്കു സമീപം കീഴില്ലത്താണ് എരണ്ടകൾ കൂട്ടത്തോടെ പറന്നിറങ്ങുന്നത്. മഴവെള്ളം കെട്ടി നിൽക്കുന്ന പാടങ്ങളിൽ ചെറിയ മീനുകളെ കൊത്തിയെടുക്കാനാണ് ഇവ പാടങ്ങളിലെത്തുന്നത്.
പാടങ്ങളിലെ മീനുകൾ അകത്താക്കാനുള്ള കൂട്ടത്തോടെയുള്ള വരവും എരണ്ടകളുടെ പരസ്പരമുളള ആക്രമണവും കാഴ്ചക്കാർക്ക് കൗതുകമുണ്ടാക്കുകയാണ്. ലെസർ വിസിലിങ് ഡക്ക് എന്നറിയപ്പെടുന്ന എരണ്ട പക്ഷികൾ താറാവുകളുടെ വലുപ്പമാണുളളത്. ധാരാളം പച്ചപ്പുള്ളതും ഒഴുക്കില്ലാത്ത തടാകങ്ങളിലുമാണ് ഇവ ജീവിക്കുന്നത്. എരണ്ട പക്ഷികൾ ചിലപ്പോൾ കടലിലും അഭയം തേടാറുണ്ട്. വിത്തുകളും മറ്റു പച്ചപ്പുകളുമാണ് ഇവയുടെ ഭക്ഷണം.
ശൈത്യകാലത്ത് ഇവ പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിലാണ് അഭയം തേടിയെത്തുന്നത്. എന്നാൽ തെക്കുകിഴക്കൻ ഭാഗത്തെ പല പ്രദേശങ്ങളിലും കയ്യേറ്റവും പ്രകൃതി നാശങ്ങളും
ഉണ്ടായതിനാൽ വാസയോഗ്യമായ സ്ഥലങ്ങൾ കുറഞ്ഞു. അതോടെ എരണ്ടകൾ തെക്കേ ഇന്ത്യയാണ് പുതിയ വാസസ്ഥലമായി തിരഞ്ഞെടുത്തിരിക്കുന്നത്. ചെറിയ കുളങ്ങളും തോടുകളും കൂടുതലായതിനാൽ ഇപ്പോളിവ സ്ഥിര വാസസ്ഥലമായി കേരളത്തെയാണ് ആശ്രയിക്കുന്നത്.
Comments