രാജ്യത്തിന് വീണ്ടും അഭിമാനമായി നടൻ ആർ. മാധവന്റെ മകൻ വേദാന്ത് മാധവൻ. മലേഷ്യയിൽ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയ്‌ക്കുവേണ്ടി വേദാന്ത് തിളങ്ങിയത്. നീന്തലിൽ 50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ എന്നിങ്ങനെ 5 സ്വർണ്ണ മെഡലുകളാണ് വേദാന്ത് നേടിയത്. മലേഷ്യയിൽ 5 സ്വർണ്ണം നേടിയതിന് തന്റെ മകൻ വേദാന്തിന്റെ നേട്ടത്തിൽ സന്തോഷം പങ്കിട്ടുകൊണ്ട് മാധവൻ രംഗത്തുവന്നു.
മകന്റെ വിജയത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്നു താരം പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ താരം തന്റെ മകന്റെ ചിത്രം പങ്കുവെച്ചു. മാധവന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമുൾപ്പടെ നിരവധിപേരാണ് വേദാന്തിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി വേദാന്ത് വിജയക്കുതിപ്പിലാണ്. ദേശീയ, രാജ്യാന്തര തലങ്ങളിൽ നിരവധി മെഡലുകളാണ് വേദാന്ത് നേടിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഖേലോ ഇന്ത്യ 2023 മത്സരത്തിൽ അഞ്ച് സ്വർണ്ണവും രണ്ട് വെള്ളിയുമടക്കം ഏഴു മെഡലാണ് വേദാന്ത് നേടിയത്. കഴിഞ്ഞ വർഷം കോപ്പൻഹേഗനിൽ നടന്ന ഡാനിഷ് ഓപ്പൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ വേദാന്ത് രാജ്യത്തിനായി സ്വർണ്ണ, വെള്ളി മെഡലുകൾ സ്വന്തമാക്കിയിരുന്നു. 2022 ൽ തന്നെ 48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ ദേശീയ ജൂനിയർ നീന്തൽ റെക്കോർഡ് തകർത്തു. കൂടാതെ 1500 മീറ്റർ ഫ്രീസ്‌റ്റൈൽ നീന്തൽ മത്സരത്തിൽ വിജയിച്ചു.
അതേസമയം ഒളിമ്പിക്‌സാണ് വേദാന്തിന്റെ ലക്ഷ്യം. ഭാരതത്തിന് വേണ്ടി വേദാന്ത് ഒളിമ്പിക് മെഡൽ നേടുന്നതിനായി കാത്തിരിക്കുകയാണ് മാധവന്റെ ആരാധകർ. നീന്തലിൽ മകന് വിദഗ്ധ പരിശീലനം ലഭ്യമാക്കാൻ രണ്ട് വർഷം മുമ്പ് മാധവൻ കുടുംബസമേതം ദുബായിലേക്ക് താമസം മാറിയിരിക്കുകയാണ്.
Comments