തിരുവനന്തപുരം: ഗവർണർക്കെതിരെയുള്ള നീക്കങ്ങളിൽ യോജിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് കാണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്
മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഗവർണർക്കെതിരായ നിലപാടിൽ പിന്തുണ തേടി എം കെ സ്റ്റാലിൻ പിണറായി വിജയന് കത്തയച്ചിരുന്നു.
നിയമസഭകൾ പാസാക്കിയ ബില്ലുകൾ അംഗീകരിക്കുന്നതിന് ഗവർണർമാർക്ക് സമയപരിധി നിശ്ചയിക്കാനുള്ള നീക്കത്തിലാണ് സ്റ്റാലിൻ. ഇതിനാണ് പിണറായി വിജയൻ പിന്തുണ നൽകിയിരിക്കുന്നത്. തമിഴ്നാട് നിയമസഭയിൽ ഗവർണർക്കെതിരായുള്ള പ്രമേയം പാസാക്കിയിരുന്നു. ഇതേ പാതയിൽ കേരള നിയമസഭയിലും ഗവർണർ ബില്ലുകൾ പാസാക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്ന പ്രമേയം പാസാക്കുന്നത് പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഗവർണർ മന്ത്രിമാരുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണം. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാത്ത സ്ഥിതിയുണ്ട്. ബില്ലുകൾ പിടിച്ചു വെക്കുമ്പോൾ ഈ കീഴ്വഴക്കം ലംഘിക്കപെടുകയാണ് പിണറായി കത്തിൽ പറയുന്നു. ഭരണ ഘടനയുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തിയാണ് ഗവർണർ പ്രവർത്തിക്കുന്നത്. മുൻപ് ആർട്ടിക്കിൾ 356 ഉപയോഗിച്ച് കേരള- തമിഴ്നാട് സർക്കാരുകളെ ഗവണർമാർ പിൻവലിച്ചിരുന്നു. 1959 ൽ ഇംഎംഎസ് സർക്കാറിനെ പിൻവലിച്ച് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംഭവവും മുഖ്യമന്ത്രി പങ്കുവെക്കുന്നുണ്ട്.
Comments