കണ്ണൂർ: കണ്ണൂരിലെ മുസ്ലിം വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്ക് വിവേചനമുണ്ടെന്ന മലയാളികളുടെ പ്രിയനടി നിഖില വിമലിന്റെ പരാമർശം തള്ളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ മുസ്ലിം കല്യാണ വീടുകളിൽ സ്ത്രീകളെ അടുക്കളഭാഗത്ത് ഇരുത്തുന്ന രീതിയില്ലെന്നും സ്ത്രീകൾക്ക് പ്രത്യേക ഭക്ഷണസൗകര്യം ഒരുക്കാറുണ്ടെന്നും ജയരാജൻ പറഞ്ഞു.
‘നിഖില വിമലിന് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ അതു പറഞ്ഞതാകും. ഞങ്ങളുടെ അനുഭവം മറിച്ചാണ്. സ്ത്രീകൾക്ക് പ്രത്യേകമായി ഒരിടത്ത് ഭക്ഷണസ്ഥലമുണ്ടാകുമെന്നതല്ലാതെ, മഹാഭൂരിപക്ഷം സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്. ഞങ്ങളൊക്കെ കല്യാണത്തിനു പോയിട്ടുണ്ട്. അവിടെയൊന്നും സ്ത്രീ-പുരുഷ വേർതിരിവ് പ്രത്യേകമായി പറയാനില്ല. എന്നാൽ, കല്യാണത്തിന് ഒരുക്കുന്ന പന്തലിൽ തന്നെ സ്ത്രീകൾക്ക് പ്രത്യേകമായി മേശയും കസേരയും ഒരുക്കാറുണ്ട്. അല്ലാതെ അടുക്കളഭാഗത്ത് ഭക്ഷണം നൽകുന്നത് കണ്ടിട്ടില്ല. സമൂഹത്തിൽ വളർന്നുവരുന്ന സ്ത്രീ-പുരുഷ സമത്വ മനോഭാവം ഇത്തരം ആളുകളിൽ എത്തിയിട്ടില്ല എന്നേ ഇപ്പോൾ കാണാൻ കഴിയൂ’- എന്ന് ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
കണ്ണൂരിലെ മുസ്ലീം കുടുംബങ്ങളിൽ വിവാഹവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രത്യേക രീതികളെ കുറിച്ചായിരുന്നു നിഖില വിമൽ പരാമർശിച്ചത്. കണ്ണൂരിലെ മുസ്ലീം സ്ത്രീകൾ കല്യാണ വീടുകളിൽ ഇപ്പോഴും പെണ്ണുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്താണ്. അതിനായി പ്രത്യേകം പന്തൽ സജ്ജികരിക്കും. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കും. ഇപ്പോഴും അതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല. ആണുങ്ങൾ പെണ്ണിന്റെ വീട്ടിലാണ് നിക്കാഹ് കഴിഞ്ഞാൽ താമസിക്കുന്നത്. പിന്നെ അവരെ പുതിയാപ്ല എന്നാണ് വിളിക്കുന്നത്. മരിക്കുന്നതുവരെ അവർ പുതിയാപ്ലമാരായിരിക്കും. പുതിയാപ്ല എപ്പോൾ വന്നാലും വലിയ സൽക്കാരമാണ് അവർക്കായി ഒരുക്കുന്നത്. മരിച്ചാൽ പോലും പുതിയാപ്ല മരിച്ചെന്നാണ് പറയുക എന്നായിരുന്നു നിഖില വിമലിന്റെ വാക്കുകൾ. ‘അയൽവാശി’ എന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താൻ കണ്ടിട്ടുള്ള മുസ്ലീം കല്യാണങ്ങളെ പറ്റി നടി സംസാരിച്ചത്. നിഖിലയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയായിരുന്നു. ഈ പരാമർശത്തിൽ നിരവധിപ്പേരാണ് നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നത്.
Comments