മലയാളികളുടെ മാത്രം സൂപ്പർ ഹീറോ എന്ന് വിശേഷിപ്പിക്കുന്ന മിന്നൽ മുരളിയെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയ്‌ക്ക് രണ്ടാം ഭാഗമുണ്ടോ എന്ന ചോദ്യത്തിന് മിന്നൽ മുരളിയേക്കാൾ വലിയ മുതൽ മുടക്കിൽ രണ്ടാം ഭാഗം നിർമ്മിക്കുമെന്നാണ് ബേസിൽ ജോസഫ് മറുപടി നൽകിയത്. ഇപ്പോൾ നിർമ്മാതാവ് സോഫിയ പോൾ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച സ്റ്റോറി മറ്റൊരു സൂചന കൂടി നൽകുന്നതാണോ എന്ന സംശയം കൂടി എത്തുകയാണ്. മിന്നൽ മുരളിയുടെ ചിഹ്നമായ ‘മ’യുടെ ചിത്രമാണ് സോഫിയ പോൾ സ്റ്റോറിയാക്കിയിരിക്കുന്നത്. മിന്നൽ എന്ന ഹാഷ് ടാഗും രണ്ട് മിന്നൽ ചിഹ്നങ്ങളും ചേർത്തിട്ടുണ്ട്.

ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടുവരുന്ന സൂപ്പർ ഹീറോ ചിത്രങ്ങൾ മലയാളത്തിലും സ്മൂത്തായി ഓടുമെന്ന് തെളിയിച്ച ചിത്രമായിരുന്നു ടൊവിനോ സൂപ്പർ ഹീറോ സ്യൂട്ടണിഞ്ഞ മിന്നൽ മുരളി. ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന് ജെസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്നാണ് തിരക്കഥയെഴുതിയത്. 2021-ലെ ക്രിസ്മസ് സമയത്താണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. നെറ്റ്ഫ്‌ളിക്‌സിൽ നേരിട്ടെത്തുകയായിരുന്നു ചിത്രം. ഓടിടിയിലാണെങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
അന്നുമുതലുള്ള ആരാധകരുടെ ചോദ്യമാണ് രണ്ടാം ഭാഗം ഉണ്ടാകുമോയെന്നത്. ഈ ചോദ്യം ശക്തിയാർജ്ജിച്ചിരിക്കുകയാണ് വീണ്ടും. കാരണം മറ്റൊന്നുമല്ല, നിർമാതാവ് സോഫിയ പോളിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി തന്നെയാണ്. മിന്നൽ മുരളിയ്‌ക്ക് രണ്ടാം ഭാഗം വരികയാണെങ്കിൽ വലിയ ക്യാൻവാസിലുള്ള ചിത്രമായിരിക്കുമെന്ന് മുൻപ് സംവിധായകൻ ബേസിൽ ജോസഫ് അടക്കമുള്ള അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.















