മലയാളിപ്രേക്ഷകരുടെ പ്രിയനടിമാരിലൊരാളായ ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ‘കുമാരി’ എന്ന ചിത്രം കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക്. ടൂറിസം പ്രചാരണത്തിനും ഡെസ്റ്റിനേഷൻ ബ്രാൻഡിങിനും പ്രാധാന്യം നൽകുന്ന സിനിമകളാണ് ഈ മേളയിലെ മത്സരത്തിൽ പ്രദർശിപ്പിക്കുക.
ഇന്ത്യയിൽ നിന്ന് ആദ്യമായിട്ടാണ് ഒരു സിനിമ ഈ മേളയിൽ പങ്കെടുക്കുന്നത്. കാനഡ സർക്കാരിന്റെ സഹകരണത്തോടെ ഒൺടാരിയോയിലുള്ള നോർത്ത് ബേയിലാണ് മേള നടക്കുന്നത്. ഏപ്രിൽ 27,28,29 തീയതികളിലാണ് മേള നടക്കുക.
നിർമ്മൽ സഹദേവ് സംവിധാനം ചെയ്ത ‘കുമാരി’ 2022 ഒക്ടോബറിലാണ് റിലീസ് ചെയ്തത്. ഷൈൻ ടോം ചാക്കോ, രാഹുൽ മാധവ്, സ്ഫടികം ജോർജ്, ജിജു ജോൺ, ശിവജിത്ത് നമ്പ്യാർ, പ്രതാപൻ, സുരഭി ലക്ഷ്മി, സ്വാസിക, ശ്രുതി മേനോൻ, തൻവി റാം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്‌സ് ബിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.















