എറണാകുളം: കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയിൽ ഇനി സംസ്‌കൃതപഠനവും. സർവ്വകലാശാലയിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും സംസ്‌കൃതം പഠിപ്പിക്കുന്നതിനായി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയും ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണനാണ് ഇക്കാര്യം അറിയിച്ചത്.
ആയുർവേദ ഗ്രന്ഥങ്ങൾ സൂക്ഷ്മമായി പഠിക്കുന്നതിന് സഹായകരമാകുന്ന ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിക്കാനാണ് ധാരണപത്രം ഒപ്പിട്ടിരിക്കുന്നത്. ആരംഭഘട്ടത്തിൽ സംസ്‌കൃത അദ്ധ്യാപകർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ശില്പശാല സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ആയുർവേദം, സംസ്‌കൃതം വിഭാഗങ്ങളിലെ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലെ അദ്ധ്യാപനം, ഗവേഷണം എന്നിവയിൽ സഹകരണം, കോൺഫറൻസുകൾ, സെമിനാറുകൾ, ശില്പശാലകൾ, ഓറിയന്റേഷൻ, റിഫ്രഷർ പ്രോഗ്രാമുകൾ എന്നിവയിലുള്ള പങ്കാളിത്തം തുടങ്ങിയവയിലും തീരുമാനമായി.
ചടങ്ങിൽ ആരോഗ്യ ശാസ്ത്രസർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രൊ വൈസ് ചാൻസലർ ഡോ. സി. പി. വിജയൻ, രജിസ്ട്രാർ ഡോ. എ. കെ. മനോജ്കുമാർ, ശ്രീശങ്കരാചാര്യസംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ, പ്രൊ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ, ഡോ. കെ. യമുന, ഡോ. എം. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.














