ന്യൂഡൽഹി ; ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി സുപ്രീം കോടതി. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് സിനിമയുടെ പ്രദർശനം തടയാനുള്ള അപേക്ഷ നൽകിയത്. അഭിഭാഷകനായ നിസാം പാഷയാണ് ആവശ്യം ഉന്നയിച്ചത്. മുതിർന്ന അഭിഭാഷകനായ കപിൽ സിബലും നിസാം പാഷയ്ക്കായി കോടതിയിൽ ഹാജരായിരുന്നു.
ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് വിദ്വേഷപ്രസംഗങ്ങള് തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുണ്ട്. അതിനോടൊപ്പം ചേർത്തുകൊണ്ട് ഈ അപേക്ഷയും പരിഗണിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിന്റെ മുൻപാകെ ഉന്നയിക്കാൻ ജസ്റ്റിസ് കെ.എം.ജോസഫ് ഹർജിക്കാരോട് നിർദേശിച്ചു.വിദ്വേഷ പ്രസംഗത്തിന്റെയും ദൃശ്യ-ശ്രാവ്യ പ്രചരണത്തിന്റെയും ഒരു രൂപമാണ് സിനിമയെന്ന് ഹർജിക്കാരൻ വാദിച്ചു.
എന്നാൽ, വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ എങ്ങനെയാണ് സിനിമയുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിക്കുന്നതെന്ന് കോടതി ചോദിച്ചു. ചിത്രത്തിന്റെ ട്രെയിലർ 16 ദശലക്ഷം വ്യൂസ് നേടിയെന്നും അത് “ഏറ്റവും മോശമായ തരത്തിലുള്ള വിദ്വേഷ പ്രസംഗം” ആണെന്നും ഹർജിക്കാൻ പറഞ്ഞു . എന്നാൽ സിനിമയുടെ റിലീസ് സ്റ്റേ ചെയ്യുന്നതിനു പകരം ഉചിതമായ ഫോറം മുഖേനയുള്ള സർട്ടിഫിക്കേഷൻ ചോദ്യം ചെയ്യാൻ ബെഞ്ച് ഹർജിക്കാരനോട് ഉപദേശിച്ചു.
ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്നതിനാൽ സമയമില്ലെന്ന് വാദിച്ച പാഷ, വിദ്വേഷ പ്രസംഗ വിഷയത്തിൽ ഇടപെടൽ അപേക്ഷ നൽകി. പാഷയുടെ വാദം തള്ളിയ ബെഞ്ച്, സിനിമയുടെ റിലീസിന് സ്റ്റേ ആവശ്യപ്പെടുന്നതിന് ഇത് സാധുതയുള്ള കാരണമല്ലെന്നും വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ സുപ്രീംകോടതിയെ സമീപിക്കാൻ ആരെയും അനുവദിക്കരുതെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.
Comments