സുഡാൻ : സുഡാനിലെ ഇന്ത്യൻ എംബസി ഖാർത്തൂമിൽ നിന്ന് സുഡാൻ പോർട്ടിലേയ്ക്ക് മാറ്റുന്നതായി അധികൃതർ അറിയിച്ചു. ഖാർത്തൂമിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യൻ എംബസി താത്ക്കാലികമായി മാറ്റാൻ തീരുമാനിച്ചത്. സുഡാനിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്.
ഖാർത്തൂമിൽ നിന്ന് 850 കിലോമീറ്റർ അകലെയുള്ള പോർട്ട് സുഡാനിലേയ്ക്കാണ് എംബസി മാറ്റിയിരിക്കുന്നത്. എംബസിയുടെ വിശദവിവരങ്ങളും ഫോൺ നമ്പറുകളുടെ പട്ടികയും വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി ട്വീറ്റ് ചെയ്തു. സുഡാനിലെ കലാപത്തെ തുടർന്ന് ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സൈനിക വിമാനങ്ങളും വ്യോമസേന കപ്പലുകളും വഴി പോർട്ട് സുഡാനിൽ നിന്ന് 3000-ത്തോളം ഇന്ത്യക്കാരെ ഒഴിപ്പിച്ചിരുന്നു.
രാജ്യത്തെ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള പോരാട്ടം സുഡാനെ തീർത്തും യുദ്ധഭൂമിയാക്കിയിരിക്കുകയാണ്. കലാപത്തിൽ 400 ഓളം പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തു.
Comments