മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിൽ ഒന്നാണ് വല്ല്യേട്ടൻ. അറക്കൽ മാധവൻ കുട്ടി സ്‌നേഹനിധിയായ ചേട്ടനായിട്ട് മമ്മൂട്ടി നിറഞ്ഞപ്പോൾ അതിലെ മമ്മൂട്ടിയുടെ സഹോദന്മാരുടെ വേഷം ചെയ്ത സിദ്ദിഖും, സുധീഷും, മനോജ് കെ ജയനും, വിജയകുമാറുമൊക്കെ മലയാളി മനസുകളിൽ സ്ഥാനം കണ്ടെത്തി. ചട്ടമ്പിത്തരത്തിന് ചട്ടമ്പിത്തരവും സ്‌നേഹത്തിന് സ്‌നേഹം നൽകുന്ന സഹോദരങ്ങൾ തകർത്തഭിനയിച്ച സിനിമയിലെ പോസ്റ്റർ അക്കാലത്ത് വൈറൽ ആയിരുന്നു.
പല കാരണങ്ങൾ കൊണ്ടും ട്രോളുകളിൽ നിറഞ്ഞ് നിൽക്കുകയാണ് ഇപ്പോഴും ചിത്രം. ക്രിക്കറ്റ് പ്രേമികൾക്കിടയിലും മമ്മൂട്ടി ആരാധകർക്കിടയിലും വീണ്ടും വല്ല്യേട്ടൻ നിറഞ്ഞാടുകയാണ്. ഇന്ത്യൻ ആരാധകർ ഏറെ സ്‌നേഹിക്കുന്ന ഓസ്ട്രേലിയൻ താരം വാർണർ മമ്മൂട്ടിയുടെ വല്ല്യേട്ടൻ സിനിമയിലെ പോസ്റ്റർ ചിത്രത്തിൽ തന്റെ മുഖവും സഹതാരങ്ങളുടെ മുഖവും ചേർത്താണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
വല്ല്യേട്ടനായി വാർണറും അനിയന്മാരായി ഇഷാന്ത് ശർമ്മ, ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരുടെ ചിത്രമാണ് താരം ചേർത്തിരിക്കുന്നത്. ഇതിനൊരു അടിക്കുറിപ്പ് നൽകുക എന്നും പറഞ്ഞാണ് വാർണർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.















