തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ 100 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കുറ്റം നിഷേധിച്ച് മുൻ എസ്എഫ്‌ഐ നേതാവ് അഖിൽ. സ്ഥിരമായി വരുന്ന കടയിൽ അരി വാങ്ങാൻ വന്നതാണെന്നും മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞു. താൻ ജഗതിയിൽ വാടകയ്‌ക്ക് താമസിക്കുന്നയാളാണെന്നും പിടിയിലായ അഖിൽ എക്‌സൈസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ആവർത്തിച്ച് പറഞ്ഞു.
നെയ്യാറ്റിൻകര സ്വദേശിയാണ് പിടിയിലായ അഖിൽ. വഞ്ചിയൂർ സംസ്‌കൃത സെന്ററിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു താനെന്നാണ് അഖിൽ പറയുന്നത്. 2019-ൽ പ്രസിഡന്റായിരുന്നുവെന്നും താൻ ജഗതിയിൽ വാടകയ്‌ക്ക് താമസിക്കുകയാണെന്നും അഖിൽ എക്‌സൈസ് സംഘത്തോട് പറഞ്ഞു. സ്ഥിരമായി വരുന്ന കടയിൽ രാവിലെ അരി വാങ്ങാൻ വന്നതാണെന്നും മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും ആവർത്തിച്ച് പറഞ്ഞതോടെ പറയാനുള്ളത് മുഴുവൻ കേൾക്കാമെന്നും തൽകാലം മിണ്ടാതിരിക്കാനുമാണ് അന്വേഷണ സംഘം പറഞ്ഞത്.
കുടുംബവുമായി യാത്ര പോകാനെന്ന വ്യാജേന വാടകയ്‌ക്കെടുത്ത വാഹനത്തിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഖിൽ ഉൾപ്പെടെ നാല് പേർ പിടിയിലായത്. മൂന്ന് പേരെ എക്‌സൈസ് സംഘവും ഓടിരക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. നാല് ദിവസം മുൻപാണ് പ്രതികൾ വാഹനം വാടകയ്‌ക്കെടുത്തത്. ഉടമ ജിപിഎസ് പരിശോധിച്ചപ്പോൾ വാഹനം ആന്ധ്രയിൽ എത്തിയതായി കണ്ടെത്തി. സംശയംതോന്നിയ ഉടമ വിവരം എക്സൈസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്.















