തിരുവനന്തപുരം: ഇന്ത്യയിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് സാധിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കർണാടകയിൽ ജയിച്ചതുകൊണ്ട് കോൺഗ്രസിന് ബിജെപിയെ ഇല്ലാതാക്കാൻ സാധിക്കില്ല. കോൺഗ്രസിന്റെ ശക്തി കേന്ദ്രമെന്ന് അവകാശപ്പെട്ടിരുന്ന ഗുജറാത്തിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ബിജെപിയുടെ ശക്തമായ വേരോട്ടത്തെപ്പറ്റി എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് സംസാരിച്ചത്.
‘കർണാടകയിലെ തിരഞ്ഞെടുപ്പോടെ ദക്ഷിണേന്ത്യയെ ബിജെപി മുക്തമാക്കി എന്ന ആശ്വാസം മാത്രമാണുള്ളത്. ഇന്ത്യയിൽ ബിജെപിയെ തോൽപ്പിക്കണമെങ്കിൽ ബിജെപി വിരുദ്ധ വോട്ടുകൾ എല്ലാം കൂടി കേന്ദ്രീകരിക്കപ്പെടണം. അങ്ങനെ കേന്ദ്രീകരിച്ചാൽ മാത്രം 2024-ൽ ബിജെപി പരാജയപ്പെടുത്താൻ സാധിക്കും’.
‘കർണാടകയിൽ ജയിച്ചത് കൊണ്ട് മാത്രം കോൺഗ്രസിന്റെ തിരിച്ചു വരവാണെന്ന് പറയാൻ സാധിക്കില്ല. ഒരൊറ്റ സംസ്ഥാനത്ത് മാത്രമാണോ കോൺഗ്രസ് ഉള്ളത്. കോൺഗ്രസിന്റെ ഏറ്റവും വലിയ ശക്തി കേന്ദ്രം ഗുജറാത്ത് ആയിരുന്നു. ആ ഗുജറാത്തിലാണ് അമ്പത് ശതമാനത്തിലധികം വോട്ട് ബിജെപി കൂടുതൽ നേടിയത്. ഇന്ത്യയെ ബിജെപിയിൽ നിന്ന് മോചിപ്പിക്കാൻ കോൺഗ്രസിന് കഴിയില്ല. കോൺഗ്രസിന് അതിന് കഴിയും എന്ന് കോൺഗ്രസ് പോലും അവകാശപ്പെടുന്നില്ല’ എന്ന് എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
Comments