കാസർകോട്: ചന്ദ്രഗിരിപുഴയിൽ പാർത്ഥസാരഥി വിഗ്രഹം കണ്ടെത്തി. നെല്ലിത്തട്ട് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം ചന്ദ്രഗിരിപ്പുഴയുടെ മധ്യഭാഗത്താണ് പാർത്ഥസാരഥി വിഗ്രഹം കണ്ടെത്തിയത്. പത്താം നൂറ്റാണ്ടിലേത് എന്ന് കരുതുന്ന വിഗ്രഹമാണ് കണ്ടെത്തിയത്. വേനലിൽ പുഴ വറ്റി വരണ്ടപ്പോൾ വിഗ്രഹം പുറത്ത് കാണുകയായിരുന്നു. അനുബന്ധ ബലിക്കല്ലുകളും കണ്ടെത്തിയിട്ടുണ്ട്
കല്ലിൽ കൊത്തിയ വിഗ്രഹമാണ് കണ്ടെടുത്തത്. വിഗ്രഹത്തിന്റെ വലതു കൈയിൽ ചടയും ഇടത് കൈയിൽ താമരമൊട്ടുമാണുള്ളത്. മാലയും അരഞ്ഞാണവുമുണ്ട്. വിഗ്രഹത്തിന് മൂന്നടിയോളം ഉയരമുണ്ട്. പുനഃപ്രതിഷ്ഠയുടെ ഭാഗമായി ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് പുഴയിൽ നിമജ്ജനം ചെയ്തതാകാമെന്നാണ് വിലയിരുത്തൽ.
ചരിത്രഗവേഷകർ സ്ഥലത്തെത്തി പരിശോധന നടത്തി. പത്താം നൂറ്റാണ്ടിലെ നിർമ്മാണ രീതിയോട് സാമ്യമുള്ളതാണ് കണ്ടെത്തിയ വിഗ്രഹമെന്ന് ഗവേഷകർ പറഞ്ഞു.















