തെന്നിന്ത്യയ്ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് പ്രഭാസ്. ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് തെന്നിന്ത്യയുടെ മനസ്സ് പ്രഭാസ് കീഴടക്കിയത്. ഹിറ്റുകൾക്ക് ശേഷം ബോക്സ് ഓഫീസ് പരാജയചിത്രമായിരുന്നു രാധേ ശ്യാം. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയായിരുന്നു ഇത്. രാധാകൃഷ്ണ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് പക്ഷേ തിയേറ്ററുകളിൽ മികച്ച പ്രകടനം നടത്താനായില്ല. ചിത്രത്തിന്റെ പരാജയത്തേ തുടർന്ന് നിർമാതാവിന് പ്രതിഫലത്തുകയുടെ പകുതി പ്രഭാസ് തിരിച്ചുനൽകും എന്ന് പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ നേർ പകുതി തുക നിർമ്മാതാവിന് തിരിച്ച് നൽകിയിരിക്കുകയാണ് പ്രഭാസ്. ചിത്രത്തിൽ 100 കോടി രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയത്. ഇതിൽ 50 കോടിയാണ് പ്രഭാസ് നിർമാതാവിന് തിരിച്ചുകൊടുത്തതെന്നാണ് റിപ്പോർട്ടുകൾ. രാധേ ശ്യാം നിർമിച്ചതിനാൽ നിർമാതാക്കൾ നേരിട്ട നഷ്ടം മനസ്സിലാക്കിയാണ് പ്രഭാസിന്റെ ഈ നീക്കം. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ച് നിർമ്മാതാവും രംഗത്തെത്തിയിട്ടില്ല. 2022-ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. പൂജ ഹെഗ്ഡേയായിരുന്നു നായിക. അന്തരിച്ച നടൻ കൃഷ്ണം രാജുവിന്റെ അവസാനചിത്രം കൂടിയായിരുന്നു ഇത്.ചിത്രത്തിൽ ജയറാം, ജഗപതി ബാബു, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ടായിരുന്നു.
ആദിപുരുഷാണ് പ്രഭാസിന്റെതായി ഇനി പുറത്തുവരാനുള്ള ചിത്രം. ചിത്രം ജൂണിൽ റിലീസിനു തയ്യാറെടുക്കുകയാണ്. രാമായണത്തെ ആസ്പതമാക്കിയാണ് ചിത്രം വരുന്നത്. കൃതി സനോൺ ആണ് നായിക. സെയ്ഫ് അലി ഖാനാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. നിലവിൽ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിന്റെ ചിത്രീകരണ തിരക്കുകളിലാണ് പ്രഭാസ്. പൃഥ്വിരാജ് സുകുമാരൻ, ജഗപതി ബാബു, ശ്രുതി ഹാസൻ എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.















