ന്യൂഡൽഹി: മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ കർണാടക മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കി പിസിസി അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. കേന്ദ്ര നേതൃത്വത്തിനെ ഇക്കാര്യം അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാൻ സിദ്ധരാമയ്യ മുന്നോട്ടുവെച്ച ഫോർമുലയോട് താത്പര്യമില്ലെന്നും ശിവകുമാർ കേന്ദ്ര നേതാക്കളെ അറിയിച്ചു. എന്നാൽ എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് പ്രഖ്യാപനം നടത്തണമെന്നാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു നേതാക്കളും നിലവിൽ ഡൽഹിയിൽ തുടരുകയാണ്.
സിദ്ധരാമയ്യ പാർട്ടി അഭിപ്രായങ്ങളേക്കാൾ വ്യക്തി താത്പര്യം മുന്നിൽവെച്ച് പ്രവർത്തിക്കുന്ന ആളാണെന്ന് ഡികെ ശിവകുമാർ നേതൃത്വത്തോട് പറഞ്ഞു. 2013 ൽ അഞ്ച് വർഷം മുഖ്യമന്ത്രിയാകാൻ പാർട്ടി സിദ്ധരാമയ്യയ്‌ക്ക് അവസരം നൽകി. എന്നാൽ 2018 ൽ ഭരണം നിലനിർത്താൻ സാധിച്ചില്ല. 2019 ൽ പാർട്ടി വിട്ട് പുറത്തുപോയവരെല്ലാം സിദ്ധരാമയ്യയുടെ അനുയായികളാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യമില്ലെന്നും മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രി സഭയിലേക്കില്ലെന്നും ശിവകുമാർ നേതൃത്വത്തെ അറിയിച്ചു.
മറ്റു തർക്കങ്ങൾ ഉണ്ടായില്ലെങ്കിൽ നാളെ സത്യപ്രതിജ്ഞ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള തർക്കം നീളുന്നതിനാൽ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ഇരു നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി രാഹുലിനെ കാണുമെന്നാണ് അറിയാൻ സാധിക്കുന്നത്. സോണിയയുമായും ഇരുവരും ചർച്ച നടത്തും.
മന്ത്രിസഭാ രൂപീകരണത്തിലും കോൺഗ്രസിനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണ്. ഇതിനോടകം 65 എംഎൽഎമാർ മന്ത്രി സ്ഥാനം അവകാശപ്പെട്ട് രംഗത്തുവന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
Comments