ന്യൂഡൽഹി: ഡൽഹി ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ തിരു ഉത്സവം സമാപിച്ചു. എട്ടു ദിവസം നീണ്ടു നിന്ന ഉത്സവാഘോഷങ്ങൾക്കാണ് കഴിഞ്ഞ ദിവസം തിരശ്ശീല വീണത്. ഉത്സവാഘോഷങ്ങളിൽ നിരവധി ഭക്തരാണ് പങ്കാളികളായത്. ആചാരപരമായ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂർമന ദിലീപൻ നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി അരിക്കര വാസുദേവൻ നമ്പൂതിരിയുമായിരുന്നു നേതൃത്വം നൽകിയത്.
ഡൽഹിയിലെ മറുനാടൻ മലയാളികൾക്ക് എന്നും അഭയസ്ഥാനമാണ് മയൂർ വിഹാറിലെ ഉത്തര ഗുരുവായൂർ അപ്പൻ ക്ഷേത്രം. ക്ഷേത്രത്തിലെ 34-ാമത് തിരു ഉത്സവം ആചാരാനുഷ്ഠാനങ്ങൾക്ക് പുറമേ ആഘോഷമായാണ് കൊണ്ടാടിയത്.
മലയാളികൾക്ക് പുറമേ ഇതര സംസ്ഥാനക്കാരായ നിരവധി ഭക്തരും ഉത്തര ഗുരുവായൂരപ്പന്റെ ദർശനം തേടി എത്താറുണ്ടെന്ന് മേൽശാന്തി അരിക്കര വാസുദേവൻ നമ്പൂതിരി പറഞ്ഞു. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി നിരവധി കലാതാരങ്ങളാണ് ക്ഷേത്ര സന്നിധിയിൽ വിസ്മയം തീർത്തതെന്ന് ക്ഷേത്രം പ്രസിഡന്റ് ഡോ. രമേശ് നമ്പ്യാരും വ്യക്തമാക്കി.
Comments