ആഹാരം പാകം ചെയ്യുമ്പോൾ കരിഞ്ഞ് പോവുകയോ അടി പിടിക്കുകയോ സ്വാഭാവികമാണ്. കരിഞ്ഞുപോയാലും അതിൽ നിന്ന് പരമാവധി കഴിക്കുന്നവരുമുണ്ട്. ചിലരാകട്ടെ കരിഞ്ഞ ഭാഗം പോലും കഴിക്കുന്നവരുമുണ്ട്! ചിലർക്ക് ഇത്തരത്തിൽ കരിഞ്ഞത് കഴിക്കാൻ ഇഷ്ടമാണ് താനും. പുതുതലമുറയുടെ ഇഷ്ട ആഹാരമാണ് വറുത്തതും കരിച്ചതുമായ ആഹാരങ്ങളായ ഗ്രിൽഡ് ചിക്കനും മറ്റും..
ഇത്തരത്തിൽ കരിഞ്ഞ ആഹാരം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് എത്ര പേർക്കറിയാം? ഭക്ഷണം കരിയുമ്പോൾ ഇതിലെ തന്നെ ചില ഘടകങ്ങൾ വിഷാംശമായി മാറുന്നുണ്ട്്. ഇത് ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. ചൂട് അധികമാകുമ്പോഴാണല്ലോ ഭക്ഷണം കത്തി കരിയുന്നത്. കരിയുമ്പോൾ അക്രിലമൈഡ്, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പിഎഎച്ച്), ഹെറ്ററോസൈക്ലിക് അമിനുകൾ (എച്ച്‌സിഎകൾ) എന്നിവയാണ് ഉത്പാദിക്കപ്പെടുന്നത്. അപ്പം, ഉരുളക്കിഴങ്ങ്, ധാന്യങ്ങൾ തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന രാസ സംയുക്തമാണ് അക്രിലമൈഡ്. ഇത് ശരീരത്തിലെത്തുന്നതോടെ അർബുദ സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മത്സ്യ, മാംസാദികൾ ഗ്രില്ലിംഗും മറ്റും ചെയ്യുന്ന സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഒന്നാണ് ഹെറ്ററോസൈക്ലിക് അമിനുകൾ. ഇതും ക്യാൻസറിന് കാരണമാകുന്നു. വൻകുടൽ, ആമാശയം, പാൻക്രിയാസ് തുടങ്ങിയവയെയാണ് ഈ ഗ്രിൽഡ് ഫുഡ്‌സ് കഴിക്കുന്നത് ബാധിക്കുന്നത്. ഭക്ഷണം കരിയുമ്പോൾ ചൂട് അധികമായി ഭക്ഷണത്തിൽ പോഷകങ്ങൾ നശിച്ചുപോകുന്നു. വൈറ്റമിൻ ബി, വൈറ്റമിൻ സി തുടങ്ങിയവയാണ് അധികമായും നശിക്കുന്നത്. ഇത് ദഹനത്തെയും ബാധിക്കുന്നു. ഇതുവഴി അസിഡിറ്റി, നെഞ്ചരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളും വന്നേക്കാം.
ഭക്ഷണം കത്തികരിഞ്ഞെന്ന് നാം അറിയുന്നത് ചിലപ്പോൾ ദുർഗന്ധം കൊണ്ടോ പുക കണ്ടോ ആകും. ഈ പുക ശ്വസിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. ശ്വാസംമുട്ടലിനും കണ്ണിന് അസ്വസ്ഥതയ്‌ക്കും ഇത് കാരണമാകും. ഗ്രില്ലിംഗ്, ഫ്രൈയിംഗ് തുടങ്ങിയ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന സംയുക്തങ്ങളാണ് ഗ്ലൈക്കേഷൻ എൻഡ് ഉത്പന്നങ്ങൾ. ഇത് ശരീരത്തിലെത്തിയാൽ ശരീരത്തിന് വീക്കമുണ്ടാകാൻ സാധ്യതയുണ്ട്. ഹൃദ്രോഗം, പ്രമേഹം, ചിലതരം ക്യാൻസർ എന്നിവയുള്ളവർക്ക് വിട്ടുമാറാത്ത വീക്കം വരാൻ സാധ്യതയുണ്ട്.
ചില ആഹാര പദാർത്ഥങ്ങൾ പുറമേ കത്തി കരിഞ്ഞാലും അകം വേവണമെന്നില്ല. ഇത്തരം ആഹാരം ശരീരത്തിൽ ബാക്ടീരിയ വളരാൻ കാരണമാകും. മാംസം, സീഫുഡ്, മുട്ട തുടങ്ങിയ ഭക്ഷണങ്ങളിലാണ് ഇതിനുള്ള സാധ്യത. സാൽമൊണെല്ല, എസ്‌ഷെറിച്ചിയ കോളി (ഇ. കോളി), കാംപിലോബാക്റ്റർ, ലിസ്റ്റീരിയ മോണോസൈറ്റോജെനുകൾ തുടങ്ങിയ ബാക്ടീരിയകളാണ് ഇത്തരം ആഹാരങ്ങളിലൂടെ ശരീരത്തിലെത്തുക. ഈ ബാക്ടീരിയകൾ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്നു. വയറിളക്കം, വയറുവേദന, പനി, ഛർദ്ദി എന്നിവയുമുണ്ടാകും.
Comments