പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ രൺജിത് ശ്രീനിവാസന്റെ മകളെ നേരിട്ടെത്തി അഭിനന്ദിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. ഭീകരരുടെ കൈകളാൽ അച്ഛൻ ഇല്ലാതാകുന്നത് കൺമുന്നിൽ കണ്ട ആഘാതം ഏൽപ്പിച്ച മുറിവിനെയും അതിജീവിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ ഭാഗ്യ എന്ന കൊച്ചുമിടുക്കിയുടെ നേട്ടം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. നടൻ സുരേഷ് ഗോപിയുടെ അഭിനന്ദന സന്ദേശം ഇതിനിടയിൽ തേടിയെത്തിയത് ഭാഗ്യയ്‌ക്ക് ഇരട്ടി മധുരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാചസ്പതി ഇതുസംബന്ധിച്ച കുറിപ്പ് പങ്കുവച്ചത്.
“ഭാഗ്യ രഞ്ജിത്ത് കുടുംബത്തിന്റെ മാത്രമല്ല ഈ നാടിന്റെ തന്നെ ഭാഗ്യദേവത ആവട്ടെ. എസ്.എസ്.എൽ.സിക്ക് 97 ശതമാനം മാർക്കോടെ ഉന്നത വിജയം നേടിയ കൊച്ചു മിടുക്കിയെ വീട്ടിലെത്തി അഭിനന്ദിച്ചു. മത തീവ്രവാദികൾ ശാരീരികമായി ഇല്ലാതാക്കിയ സ്വർഗീയ രൺജിത്ത് ശ്രീനിവാസന്റെ മകളാണ് ഭാഗ്യ. അച്ഛന്റെ മരണം കൺമുന്നിൽ കണ്ട ആഘാതം ഏൽപ്പിച്ച മുറിവിനെയും അതിജീവിച്ചാണ് ഉന്നത വിജയം എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. മലയാളത്തിന്റെ മഹാനടൻ സുരേഷ് ഗോപിയുടെ അഭിനന്ദന സന്ദേശം ഇതിനിടയിൽ എത്തിയത് ഭാഗ്യക്ക് ഇരട്ടി മധുരമായി. ഒരിക്കൽ കൂടി അഭിനന്ദനം മകളേ. ബിജെപി ജില്ലാ സെക്രട്ടറി ജി. വിനോദ് കുമാർ, മുല്ലയ്‌ക്കൽ മണ്ഡലം പ്രസിഡൻ്റ് കണ്ണൻ തിരുവമ്പാടി, രൺജിത്ത് ശ്രീനിവാസ്ജിയുടെ ഭാര്യ ലിഷ, സഹോദരൻ അഭിജിത് എന്നിവരും ഉണ്ടായിരുന്നു. ” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Comments