അങ്ങനെ സുരേഷേട്ടനും സുമലത ടീച്ചറും വീണ്ടും ഒന്നിക്കുകയാണ്. നടൻ രാജേഷ് മാധവനും ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ചിത്രയും ഒന്നിച്ചുള്ള വീഡിയോ ആണ് വൈറലായിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള സേവ് ഡേറ്റ് വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അലോഷി ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ഇരുവരും ചുവടുവെയ്‌ക്കുന്ന വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച സേവ് ദ ഡേറ്റ് വീഡിയോയിലൂടെ രാജേഷാണ് വിവാഹക്കാര്യം അറിയിച്ചത്. മെയ് 29-നാണ് വിവാഹം എന്ന് വീഡിയോയിൽ പറയുന്നുണ്ടെങ്കിലും ഇത് സിനിമ പ്രമോഷനാണ് എന്നാണ് സൂചന. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് വീഡിയോ എന്നാണ് ലഭിക്കുന്ന വിവരം.
ന്നാ താൻ കേസ് കൊട് സിനിമയിൽ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സുരേഷൻ കാവുംതാഴെയും സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളെ സിനിമ കണ്ട ആരുംതന്നെ അത്ര പെട്ടന്ന് മറക്കില്ല. ഇരുവരുടെയും സിനിമയിലെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
സേവ് ദി ഡേറ്റ് വീഡിയോയിൽ ഉടനീളം ഇരുവരുടെയും മനോഹരമായ നൃത്തച്ചുവടുകളുണ്ട്. ഗായകൻ അലോഷിയാണ് വീഡിയോയിലെ ഗാനം ആലപിച്ചിരിക്കുന്നത്. കാസർടഗോട് സ്വദേശികളാണ് രാജേഷ് മാധവനും ചിത്ര നായരും. മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ് മാധവൻ. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഇദ്ദേഹമായിരുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെ സഹസംവിധായകനായും രാജേഷ് മാധവൻ പ്രവർത്തിച്ചിട്ടുണ്ട്.
കലഹം മൂലം കാമിനിമൂലം, മിന്നൽമുരളി, ന്നാ താൻ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ് കൈകാര്യം ചെയ്തത്. മദനോത്സവമാണ് രാജേഷിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിൽ നമ്പൂതിരി ക്വട്ടേഷൻ ടീം അംഗമായിരുന്നു രാജേഷ്.
Comments