സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലൈമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യരുതെന്ന ആവശ്യവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. മഹാത്മാഗാന്ധി വധത്തിൽ നിന്നും സാങ്കേതികമായാണ് സവർക്കർ ഒഴിവായതെന്നും സവർക്കറുടെ ജന്മദിനത്തിൽ പുതിയ പാർലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യരുതെന്നും എം.എ ബേബി.
തടവിൽ നിന്ന് പുറത്തിറങ്ങാൻ സവർക്കർ നാണംകെട്ട മാപ്പപേക്ഷകൾ അയച്ചു. സ്വാതന്ത്ര്യസമരത്തെ അപമാനിച്ച വർഗീയവാദിയാണ് സവർക്കർ. ബ്രിട്ടീഷ് സർക്കാരിന്റെ പെൻഷൻ വാങ്ങി അവരുടെ സേവകനായി ശിഷ്ടകാലം ജീവിച്ച ഒറ്റുകാരനാണ്. ഇത്തരത്തിലുള്ള സവർക്കറുടെ ജന്മദിനത്തിൽ സെൻട്രൽ വിസ്ത മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് ധീരരായ സ്വാതന്ത്ര്യ സമരസേനാനികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും എം.എ ബേബി പറഞ്ഞു.
ഇത് ആർഎസ്എസിന്റെ രാഷ്ട്രീയമാണ്. നരേന്ദ്രമോദി സെൻട്രൽ വിസ്ത മന്ദിരം ഉദ്ഘാടനത്തിൽ നിന്ന് പിന്മാറണമെന്നും രാഷ്ട്രപതിയെ ഈ ചുമതല ഏല്പിക്കണമെന്നും ബേബി പറഞ്ഞു.
Comments