ഗുവാഹത്തി: ഒരു ലക്ഷം യുവാക്കൾക്ക് സർക്കാർ തൊഴിൽ നൽകുമെന്ന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാനൊരുങ്ങി അസം സർക്കാർ. ഇതിന്റെ ആദ്യ ഘട്ടമായി 44,703 പേർക്ക് നിയമനം നൽകും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയമന ഉത്തരവ് യുവാക്കൾക്ക് കൈമാറും.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് വിവരം അറിയിച്ചത്. ഒരു ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുകയെന്ന സർക്കാരിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി മേയ് 25 ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ 44,703 പേർക്ക് നിയമന ഉത്തരവ് കൈമാറും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. ഹിമന്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരി 22 ന് നടന്ന സർക്കാർ പരിപാടിയിലായിരുന്നു ഹിമന്തയുടെ പ്രഖ്യാപനം. ബിജെപി സർക്കാർ അസമിലെ ഒരു ലക്ഷം യുവാക്കൾക്ക് ജോലി നൽകാൻ പ്രതിജ്ഞാ ബദ്ധമാണെന്നും അതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.
Comments