ന്യൂഡൽഹി: മദ്രസകളിലെ നിലവാരം കുറഞ്ഞ വിദ്യാഭ്യാസം തുടർന്നാൽ മുസ്ലീങ്ങൾക്ക് ഒരിക്കലും ഉയർന്നുവരാൻ സാധിക്കില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ അരുൺ മിശ്ര. ഒരു മനുഷ്യാവകാശ സംഘടനയുടെ യോഗത്തിലാണ് അദ്ധ്യക്ഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുട്ടികളുടെ വിദ്യാഭ്യാസം നിലവാരമുള്ളതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾക്ക് വിദ്യാഭ്യാസം നിശ്ചിത മാനദണ്ഡ പ്രകാരമാണ് നൽകേണ്ടത്. മദ്രസകളിൽ അത് നൽകുന്നില്ല. പ്രാദേശിക ഭാഷകൾ വിസ്മരിക്കപ്പെടുന്നു. കൂടാതെ, മദ്രസകളിലെ കുട്ടികൾക്ക് നിലവാരമില്ലാത്ത വിദ്യാഭ്യാസം തുടരുകയാണെങ്കിൽ, മുസ്ലീങ്ങൾ ഒരിക്കലും ഉയർന്നുവരില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്ക് ശക്തമായ സംവിധാനമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ഏഴ് ദേശീയ കമ്മീഷനുകളുടെ ചെയർപേഴ്സൺമാർ യോഗത്തിൽ പങ്കെടുത്തു. സാമൂഹിക അസമത്വവും വിവേചനവും അവസാനിപ്പിക്കാൻ ആവശ്യമായ ദേശീയ ക്ഷേമ പദ്ധതികൾ ചില സംസ്ഥാനങ്ങൾ നടപ്പാക്കുന്നില്ലെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർപേഴ്സൺ ഹൻസരാജ് ഗംഗാധർ അഹിർ ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിൽ നിന്ന് ശ്രീനഗറിലേക്ക് സ്ത്രീകളുടെ മനുഷ്യക്കടത്ത് പലമടങ്ങ് വർദ്ധിച്ചതായി യോഗത്തിൽ പങ്കെടുത്ത ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അദ്ധ്യക്ഷ രേഖ ശർമ്മ ആശങ്ക പ്രകടിപ്പിച്ചു. വിവാഹത്തിന്റെ പേരിലാണ് സ്ത്രീകളെ കടത്തി കൊണ്ടുപോകുന്നത്. ഇത് മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നും ചെയർപേഴ്‌സൺ കൂട്ടിച്ചേർത്തു.
Comments