ന്യൂഡൽഹി: മൂന്ന് വ്യത്യസ്ത തരത്തിലുള്ള വന്ദേഭാരത് ട്രെയിനുകൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ ചെയർകാർ, വന്ദേ മെട്രോ, വന്ദേ സ്ലീപേഴ്‌സ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള വന്ദേഭാരത് ട്രെയിനുകൾ അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ എത്തുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നും ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനൽ റെയിൽവേ സ്റ്റേഷനിലേക്ക് സർവീസ് നടത്തുന്ന പുതിയ വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശീയമായി നിർമ്മിക്കുന്ന ഇത്തരം സെമി-ഹൈസ്പീഡ് ട്രെയിനുകൾ ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾ എന്നിവയ്‌ക്ക് പകരമാകും. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലാണ് ഇവയുടെ നിർമാണം. അടുത്ത മൂന്ന്-നാല് വർഷത്തിനുള്ളിൽ രാജ്യത്തെ റെയിൽപാളങ്ങൾ കൂടുതൽ കരുത്തുറ്റതാകും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ വന്ദേഭാരത് ട്രെയിനുകൾക്ക് കഴിയുന്ന തരത്തിൽ ട്രാക്കുകൾ സജ്ജമാക്കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
മൂന്ന് തരത്തിലുള്ള വന്ദേഭാരത് ട്രെയിനുകൾ യാഥാർത്ഥ്യമാകുമ്പോൾ ഇതിൽ വന്ദേ മെട്രോ ട്രെയിനുകൾ 100 കിലോമീറ്റർ താഴെയുള്ള യാത്രകൾക്ക് വേണ്ടിയുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. 100 മുതൽ 550 കിലോമീറ്റർ ദൂരപരിധിയിലുള്ള യാത്രകൾക്ക് വന്ദേ ചെയർ കാറുകളും 550 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്ക് വന്ദേ സ്ലീപ്പറുകളും തയ്യാറാകും. ജൂൺ പകുതിയോടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് ട്രെയിൻ ലഭ്യമാകുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
ഓരോ എട്ട്-ഒമ്പത് ദിവസം കഴിയുമ്പോഴും കോച്ച് ഫാക്ടറിയിൽ നിന്ന് ഓരോ പുതിയ ട്രെയിൻ നിർമാണം പൂർത്തിയായി എത്തുന്നുണ്ട്. രണ്ട് ഫാക്ടറികളിൽ കൂടി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ പോകുകയാണെന്നും ട്രെയിനുകളുടെ നിർമാണം വേഗത്തിലാക്കാൻ ഇത് സഹായിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
Comments