ന്യൂഡൽഹി: ഇന്ത്യയുടെ കരുത്ത് അതിന്റെ വൈവിധ്യത്തിലാണെന്ന് മൻ കി ബാത്തിന്റെ 101-ാം എപ്പിസോഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. വൈവിധ്യം ആസ്വദിക്കാൻ ധാരാളം അവസരങ്ങൾ ഇന്ത്യയിലുണ്ട്. ഇത് യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കൾക്ക് ഇന്ത്യയുടെ വൈവിധ്യത പരിചയപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന യുവസംഗമം പദ്ധതിയെ അദ്ദേഹം പ്രശംസിച്ചു. യുവ സംഗമത്തിലൂടെ രാജ്യത്തെ യുവാക്കൾക്ക് പരസ്പരം പരിചയപ്പെടാൻ അവസരം ലഭിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇത് കൂട്ടിയോജിപ്പിക്കുന്നു. പദ്ധതിയുടെ ആദ്യഭാഗത്തിൽ 1200 യുവാക്കൾ 22 സംസ്ഥാനങ്ങൾ സന്ദർശിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
മറ്റുരാജ്യങ്ങളിലെ കമ്പനികളിലെ മേധാവികളും സിഇഒമാരും ഇന്ത്യയിൽ ചിലവഴിക്കാനായി എത്തിയിട്ടുണ്ട്. ലോകനേതാക്കളെ കാണുമ്പോൾ അവർ പങ്കുവെക്കുന്നത് തങ്ങളുടെ യൗവനത്തിൽ ഇന്ത്യ സന്ദർശിച്ച ഓർമ്മകളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചതോടെ നിങ്ങൾക്കുണ്ടായ അനുഭവങ്ങൾ നിങ്ങൾ ബ്ലോഗിലൂടെ പങ്കുവെക്കണം. അങ്ങനെ ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്നതിന്റെ മഹത്വം എല്ലാവരിലേക്കും എത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments