പനാജി: പ്രമുഖ കൊങ്കണി എഴുത്തുകാരൻ ദാമോദർ മൗസോയ്ക്ക് 57-മത് ജ്ഞാനപീഠ പുരസ്കാരം സമ്മാനിച്ച് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. സാഹിത്യകൃതികളിൽ അധികവും അനാഥരായവരുടെ കഥ പങ്കുവെച്ച അദ്ദേഹത്തെ ‘ഇന്ത്യൻ ചാൾസ് ഡിക്കൻസ്’ എന്ന് ഗവർണർ വിശേഷിപ്പിച്ചു. ഗോവ സർക്കാറിന്റെ ആർട്ട് ആൻഡ് കൾച്ചർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രാജ് ഭവനിലായിരുന്നു ചടങ്ങ്.
വായനക്കാരൻ എന്ന നിലയിൽ ധാരാളം എഴുത്തുകാരെ കുറിച്ച് വായിച്ചിട്ടുണ്ടെന്ന് ചടങ്ങിൽവെച്ച് ദാമോദർ മൗസോ പറഞ്ഞു. ഒട്ടുമിക്ക വിഷയങ്ങളെ കുറിച്ച് അവർ എഴുതിയിട്ടുണ്ട്. താൻ എന്തിനെഴുതുന്നുവെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നു. വ്യത്യസ്തമായ ചിലത് വ്യത്യസ്തമായ രീതിയിൽ പറയാനുണ്ടെന്ന കാഴ്ച്ചപ്പാടിൽ നിന്നാണ് താൻ എഴുതാൻ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കലാ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജസ്റ്റിസ് വിജേന്ദർ ജെയിൻ, സാംസ്കാരിക മന്ത്രി ഗോവിന്ദ് ഗൗഡ, പ്രമുഖ കവി ഗുൽസാർ, എഴുത്തുകാരി പ്രതിഭാ റായ്, കെഎൽ ജെയിൻ, അഖിലേഷ് ജെയിൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
Comments