തിരുവന്തപുരം: സിൽവർ ലൈനിനെതിരെ സിപിഎമ്മിന്റെ പോഷക സംഘടനയായ ശാസ്ത്രസാഹിത്യ പരിഷത്ത് രംഗത്ത്. പരിഷത്തിന്റെ പഠന റിപ്പോർട്ടിലാണ് സിൽവർ ലൈന്നെ വിമർശിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഹരിത പദ്ധതിയാണെന്ന് സർക്കാർ വാദം തെറ്റാണെന്നും പദ്ധതിയിൽ പുനർചിന്തനം വേണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.
ഡി.പി.ആർ അപൂർണ്ണമാണ്, വലിയ പദ്ധതിയ്‌ക്ക് വേണ്ട വിശദാംശങ്ങൾ ഡിപിആറിൽ ഇല്ല. പദ്ധതിയുടെ നിർദ്ദിഷ്ട പാതയിൽ 55 ഹെക്ടർ കണ്ടൽവനങ്ങൾ, 208.84 ഹെക്ടർ നെൽപ്പാടങ്ങൾ, 18.40 ഹെക്ടർ കായൽ, 1172.39 ഹെക്ടർ കുളങ്ങളും ചിറകളും, 24.59 ഹെക്ടർ കാവുകൾ എന്നിവയുണ്ട് ഇവ ഇല്ലാതാകും എന്നും റിപ്പോർട്ട് പറയുന്നു. സസ്യലതാതികളുള്ള 1500 ഹെക്ടർ പ്രദേശമാണ് ആകെ മൊത്തം നഷ്ടമാകുന്നതെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
നെൽപ്പാടങ്ങളടക്കം തണ്ണീർത്തടങ്ങളുടെ സ്ഥിതി മാറും. വംശനാശഭീഷണി നേരിടുന്ന റെഡ് ലിസ്റ്റിൽ ഉൾപ്പെടുന്ന ജലജീവികളുള്ള പ്രദേശങ്ങൾ പോലും ഉൾപ്പെടുന്നു. പാത കടന്നുപോകുന്ന 202 കിലോമീറ്റർ പെള്ളപൊക്ക ബാധിത പ്രദേശത്ത് കൂടിയാണ്. രണ്ടുമീറ്റർ മുതൽ എട്ടുമീറ്റർവരെ പൊക്കമുള്ള എംബാങ്ക്മെന്റുകൾ ഇതിന്റെ കിഴക്കൻ പ്രദേശങ്ങളെ മഴക്കാലത്ത് വെള്ളത്തിനടിയിലാകാനുള്ള സാധ്യത കൂടുതലാണ്. ഈ പ്രതിസന്ധിയെ നേരിടാനുള്ള മാർഗ്ഗത്തെ പറ്റിയോ പരിസ്ഥിതി പുനഃസ്ഥാപന നടപടികളെ സംബന്ധിച്ചോ ഡിപിആറിൽ ഒന്നും പറയുന്നില്ലെന്നും പരിഷത്ത് ആരോപിച്ചു.
നിർദ്ദിഷ്ട പാതയ്‌ക്ക് മാത്രമായി 7500- ൽ അധികം വീടുകളും 33 ഫ്ലാറ്റുകളും 454 വ്യവസായസ്ഥാപനങ്ങളും 173 സ്വകാര്യ- പൊതുസ്ഥാപനങ്ങളും ഇല്ലാതാകുമെന്നും. ജനവാസം ബുദ്ധിമുട്ടിലാകുമെന്നും റിപ്പോർട്ട് പറയുന്നു. പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ എന്ത് ചെയ്യുമെന്ന് ഡിപിആറിൽ പറയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഎമ്മിന്റെ തന്നെ പോഷക സംഘടനയുടെ ഈ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്.
Comments