അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സെർബിയൻ ഡാൻസിംഗ് ലേഡി. 2019-ൽ ടിക് ടോക്കിൽ ഒരു ഉപയോക്താവ് വീഡിയോ അപ്ലോഡ് ചെയ്തതോടെയാണ് സെർബിയൻ ഡാൻസിംഗ് ലേഡിയുടെ നിഗൂഡതകൾ ഇന്റർനെറ്റിൽ ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്. സെർബിയൻ ഡാൻസിഗ് ലേഡി എന്നത് സത്യമാണെന്നും അല്ലെന്നും വാദിക്കുന്നവരുണ്ട്. രാത്രികാലങ്ങളിൽ സെർബിയൻ തെരുവുകളിൽ ഒരു സ്ത്രീ പ്രത്യക്ഷപ്പെടുകയും നൃത്തം ചെയ്യുകയുമാണ്. ചെറിയ വെളിച്ചത്തിൽ കാണുന്ന ആ ദൃശ്യം ആരെയും ഭയപ്പെടുത്തും. ആരാണ് എന്നറിയാൻ അടുത്തേക്ക് ചെന്നാൽ നിഗൂഢത നിറഞ്ഞ ആ സ്ത്രീ അവരെ ക്രൂരമായി ആക്രമിക്കും. ഇതാണ് സെർബിയൻ ഡാൻസിംഗ് ലേഡി.
നിക്കോ, സോളമൻ എന്നീ ടിക് ടോക്ക് ഉപയോക്താക്കളാണ് സെർബിയൻ വനിതയുമായി ബന്ധപ്പെട്ട കഥകൾ പങ്കുവെച്ചത്. തന്റെ അമ്മയോടൊപ്പം നടക്കുമ്പോഴാണ് വിചിത്രമായ രീതിയിൽ നൃത്തം ചെയ്യുന്ന ഒരു രൂപത്തെ കണ്ടതെന്ന് നിക്കോ പറയുന്നു. ശ്രദ്ധിച്ചപ്പോൾ അതൊരു സ്ത്രീയാണെന്ന് മനസ്സിലായി. തങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ തനിക്കും അമ്മയ്ക്കും നേരെ അവർ ആക്രോശിച്ചുകൊണ്ട് ഓടിയടുത്തു. മരണത്തിന്റെ ദൂതൻ എന്നാണ് അവർ സ്വയം വിശേഷിപ്പിച്ചത്. സെർബിയയിലെ രാജാവിനെ പുനരുജ്ജീവിപ്പിക്കാനുള്ള പുരാതന ആചാരത്തിന് അമ്മയുടെ ജീവൻ ആവശ്യമാണെന്ന് ആ സ്ത്രീ ആക്രോശിച്ചുകൊണ്ട് പറഞ്ഞു. ആ രൂപത്തിന്റെ ചലനം, ഒരു മനുഷ്യന്റേത് പോലെ തോന്നുന്നില്ല, അവളുടെ ശരീരത്തിലെ എല്ലാ പേശികളും ചലിക്കുകയായിരുന്നു എന്നാണ് നിക്കോ തന്റെ ബ്ലോഗിലൂടെ അവകാശപ്പെട്ടത്. ഇതോടെ, ഈ സ്ത്രീയെ തങ്ങളും കണ്ടിട്ടുണ്ടെന്ന് പറഞ്ഞ് പലരും രംഗത്തു വരികയായിരുന്നു.
പിന്നാലെ, സെർബിയൻ ഡാൻസിംഗ് ലേഡിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഭയപ്പെടുത്തുന്ന വീഡിയോ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. ഇതോടെ, സമാനമായ തരത്തിലുള്ള നിരവധി വീഡിയോകൾ ടിക് ടോക്കിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. എന്നാൽ, ഇതിൽ മിക്കവയും ഒറ്റ നോട്ടത്തിൽ തന്നെ വ്യാജമാണെന്ന് പിടികിട്ടും. കഥയിൽ സത്യമുണ്ടോ ഇല്ലയോ എന്നുള്ള ചോദ്യം ബാക്കിയാണ്. പക്ഷെ, വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പലരും ഭയപ്പെട്ടു. രാത്രികളിൽ തെരുവുകളിൽ ഒറ്റയ്ക്ക് ഇറങ്ങാൻ മടിച്ചു. ഡാൻസിംഗ് ലേഡിയെപ്പറ്റി വിചിത്രമായ മറ്റ് ചില കഥകളും പ്രചരിക്കുന്നുണ്ട്. കാമുകനുമായുള്ള ബന്ധത്തെ കുടുംബം എതിർക്കുകയും തന്റെ ഇഷ്ടം സാധ്യമാവതെ സ്ത്രീ മരണപ്പെടുകയും ചെയ്തു. അതിനുശേഷം അവളുടെ ആത്മാവ് രാത്രിയിൽ നാട്ടിൻപുറങ്ങളിൽ കറങ്ങുകയും നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നുവെന്നാണ് പ്രചരിക്കുന്ന മറ്റൊരു കഥ. എന്തായാലും സെർബിയൻ ഡാൻസിംഗ് ലേഡി എന്നത് വ്യാജ കഥയാണെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു.
Comments