ബെംഗളൂരു: മലയാളികളുടെ സ്റ്റാർട്ടപ്പിന് 125 കോടി നിക്ഷേപം. മലയാളികളായ അരവിന്ദ് മണി, വിപിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ ‘റിവർ’ ആണ് 125 കോടി രൂപയുടെ മൂലധന ഫണ്ടിംഗ് നേടിയത്. ഇതുൾപ്പെടെ കമ്പനി മൊത്തം സമാഹരിച്ച തുക 235 കോടി രൂപ വരും. ദുബായ് ആസ്ഥാനമായ അൽ ഫുത്തെം ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇത്തവണ നിക്ഷേപം. നിലവിലെ നിക്ഷേപകരായ ലോവർ കാർബൺ കാപ്പിറ്റൽ, ടൊയോട്ട വെഞ്ച്വേഴ്‌സ്, മനിവ് മൊബിലിറ്റി, ട്രക്‌സ് വിസി എന്നിവയും പങ്കാളിയായി.
50-ലേറെ ഇലക്ട്രിക് സ്‌കൂട്ടർ സ്റ്റാർട്ടപ്പുകളെ വിലയിരുത്തിയ ശേഷമാണ് റിവറിൽ നിക്ഷേപിക്കാൻ തീരുമാനിച്ചതെന്ന് അൽ ഫുത്തെം ഓട്ടോമേറ്റീവ് വിഭാഗം പ്രസിഡന്‌റ് പറഞ്ഞു. 1.20 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കമ്പനിയുടെ ഫാക്ടറിയിൽ പ്രതിവർഷം ഒരു ലക്ഷം സ്‌കൂട്ടറുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.
തിരുവനന്തപുരം സ്വദേശി അരവിന്ദ് മണിയും കോഴിക്കോട് സ്വദേശി വിപിൻ ജോർജും ചേർന്ന് 2021-ൽ തുടങ്ങിയതാണ് റിവർ. 20 മാസം കൊണ്ടാണ് ആദ്യ ഇലക്ട്രിക് സ്‌കൂട്ടർ വികസിപ്പിച്ചത്. ‘ഇൻഡി’ എന്ന പേരിലുള്ള ഈ മോഡൽ ഓഗസ്‌റ്റോടെ ബെംഗളൂരുവിൽ വിതരണം ആരംഭിക്കുമെന്നാണ് വിവരം. 14 ഇഞ്ച് വീൽ, ക്രാഷ് ഗാർഡ്, ഉയർന്ന സ്റ്റോറേജ് ശേഷി, ഡ്യുവൽ കളർ ടോൺ എന്നിവയാണ് ഇൻഡിയുടെ പ്രത്യേകതകൾ.
Comments