ഇന്ന് ജൂൺ 14, ലോക രക്തദാനദിനം. രക്തദാനത്തിലൂടെ അനേകം ജീവൻ രക്ഷിക്കാൻ കഴിയുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. രക്തം നൽകുന്നതിനൊപ്പം രക്തദാതാവിനും ഏറെ ഗുണങ്ങൾ ചെയ്യുന്നുണ്ട്. ആവർത്തിച്ചുള്ള രക്തദാനം ശരീരത്തിലെ രക്തചംക്രമണ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഒരുപരിധി വരെ നിയന്ത്രിക്കാൻ കഴിയും.
രക്തദാനം എന്ന് പറയുമ്പോൾ തന്നെ പലരും ഭയക്കുന്ന ഒന്നാണ് രക്തം ദാനം ചെയ്താൽ അയാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുകയല്ലേ എന്ന്. എന്നാൽ വാസ്തവത്തിൽ അത്തരത്തിലൊരു കുറവ് ഇല്ലെന്നതാണ് സത്യം. രക്തദാനം ചെയ്യുന്നത് കൊണ്ട് മറ്റൊരാളുടെ ആരോഗ്യം മെച്ചപ്പെടുക മാത്രമല്ല നൽകുന്നയാളുടെ ആരോഗ്യവും മെച്ചപ്പെടുന്നുവെന്നതാണ് വാസ്തവം.
കൃത്യമായി രക്തം ദാനം ചെയ്യുന്നവരിൽ നിരവധി ആരോഗ്യഗുണങ്ങളാണ് പ്രകടമാകുന്നത്. രക്തം ദാനം ചെയ്യുന്നവർക്ക് ശരീരത്തിൽ ഇരുമ്പിന്റെ അളവ് ശരിയായ തോതിൽ നിർത്തുന്നു. ഇത് ഹീമോക്രോമാറ്റോസിസ് എന്ന അവസ്ഥയെ തടയുന്നു. കോശങ്ങളിൽ അയേൺ ബൈന്റിംഗ് പ്രോട്ടീനുകൾ അടിഞ്ഞ് കൂടുന്ന അവസ്ഥയാണിത്. ഇതുവഴി ഡയബെറ്റിസ് മെലിറ്റസ്, ലിവർ പ്രശ്‌നം, ചർമത്തിന് നിറം മാറ്റം തുടങ്ങിയ പല അവസ്ഥകൾക്കും കാരണമാകുന്നു. ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണ് രക്തദാനം.
ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള മികച്ച വഴി കൂടിയാണ് രക്തദാനം. രക്തദാനം നടത്തുമ്പോൾ ഈ പ്രക്രിയ നടക്കാൻ ശരീരത്തിന് 500 കലോറി ഉപയോഗിക്കേണ്ടതായി വരുന്നു. ഇത് തടി കുറയ്‌ക്കാൻ സഹായിക്കുന്നു. രക്തചംക്രമണം തടയാൻ സഹായിക്കുന്ന ഒന്നാണ് രക്തദാനം. രക്തത്തിന്റെ സാന്ദ്രത കുറയ്‌ക്കാൻ രക്തദാനം സഹായിക്കുന്നു.
ശരീരത്തിനൊപ്പം മനസിനും ഏറെ ഗുണങ്ങൾ നൽകുന്നുണ്ട് രക്തദാനം. സമൂഹ്യ സേവനമാണ് ഇത്. നമ്മുടെ മനസിന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും ശരീരത്തിന്റെ ആരോഗ്യത്തിലും പ്രതിഫലിക്കും. രക്തദാനത്തിന് മുൻപായി ആരോഗ്യ പരിശോധനകൾ നടത്താറുണ്ട്. ഇതുവഴി ആരോഗ്യ പ്രശ്‌നങ്ങളെ വളരെ നേരത്തെ തന്നെ തിരിച്ചറിയാൻ കഴിയും.















