മുംബൈ: പ്രഭാസും കൃതി സനോണും മുഖ്യ വേഷത്തിലെത്തുന്ന ആദിപുരുഷ് നാളെയാണ് റിലീസിനെത്തുന്നത്. ചിത്രം റിലീസിന് മുമ്പ് തന്നെ വൻ തരംഗമായിരുന്നു. ഇതിനോടടകം ചിത്രത്തിന്റെ 4.7 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റു പോയിരിക്കുന്നത്. ഉത്തരേന്ത്യയിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്സിലും മാത്രമല്ല ദക്ഷിണേന്ത്യയിലും ചിത്രത്തിന് വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.
ഓം റൗത്ത് സംവിധാനം ചെയ്ത ചിത്രം റിലീസിന്റെ ആദ്യ ദിവസം തന്നെ 40 മുതല്‍ 50 കോടി വരെ കളക്ഷന്‍ നേടിയേക്കുമെന്നാണ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിലയിരുത്തൽ. ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഇത്രയധികം പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തുന്ന ചിത്രം ആദിപുരുഷാണ്. രാമായണം പശ്ചാത്തലമാക്കുന്ന എപിക് മിത്തോളജിക്കൽ ചിത്രം കൂടിയാണ് ഇത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.
റിലീസിന് മുൻപ് തന്നെ മുടക്കുമുതലിന്റെ 85 ശതമാനവും ചിത്രം തിരിച്ചുപിടിച്ചതായാണ് റിപ്പോർട്ടുകൾ. 500 കോടി നിർമ്മാണച്ചെലവുള്ള ചിത്രമാണിത്. സാറ്റലൈറ്റ്, ഡിജിറ്റൽ, മ്യൂസിക്, മറ്റ് റൈറ്റ്‌സുകളുടെ വിൽപ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചതായാണ് റിപ്പോർട്ട്. തെന്നിന്ത്യയിൽ നിന്നുമാത്രം തിയറ്റർ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടി.















