ഭാരതത്തിലെ പ്രധാനമായ വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നാണ് പുരി ജഗന്നാഥക്ഷേത്രം. 12-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ക്ഷേത്രം. ജഗന്നാഥൻ അഥവാ കൃഷ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. അടുത്തായി സഹോദരനായ ബാലരാമന്റെയും സഹോദരിയായ സുഭദ്രയുടെയും പ്രതിഷ്ഠയുണ്ട്. ഭഗവാൻ കൃഷ്ണന്റെ ഗോകുലത്തിൽ നിന്ന് മഥുരയിലേക്കുള്ള യാത്രയെ ഓർമ്മിപ്പിക്കുന്ന ചടങ്ങായ ഈ ക്ഷേത്രത്തിലെ രഥോത്സവം പ്രസിദ്ധമാണ്. ഹൈന്ദവ വിശ്വാസികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും സന്ദർശിച്ചിരിക്കണമെന്ന് വിശ്വസിക്കപ്പെടുന്ന നാല് പുണ്യസ്ഥലങ്ങളിൽ ഒന്നാണ് പുരി ക്ഷേത്രം. ബദരീനാഥ്, ദ്വാരക, രാമേശ്വരം എന്നിവയാണ് മറ്റ് മൂന്ന് സ്ഥലങ്ങൾ.
ശ്രീകൃഷ്ണന്റെ വിയോഗത്തിന് ശേഷം ഭഗവാന്റെ ആത്മാവ് നീല നിറത്തിലുള്ള ഒരു ശിലയിൽ വിലയം പ്രാപിച്ചു. നീലമാധവനായ ആ ആത്മാവ് പിന്നീട് ആദിവാസി രാജാവായ വിശ്വവസുവിന്റെ സവിധത്തിൽ എത്തിച്ചേർന്നു. വിശ്വവസു ആരാധിക്കുന്ന നീലമാധവനെ പറ്റിയറിഞ്ഞ ഇന്ദ്രദ്യുമ്‌നരാജാവ് അതു കണ്ടെത്താൻ വേണ്ടി വിദ്യാപതി എന്നൊരു ബ്രാഹ്‌മണനെ നിയോഗിച്ചു. ആ ബ്രാഹ്മണൻ വേഷം മാറി വിശ്വവസുവിന്റെ അടുത്തെത്തേക്കു പോയി. എന്നാൽ തന്റെ ആരാധനാ വിഗ്രഹത്തെ മറ്റൊരാൾക്ക് കാണിച്ചു കൊടുക്കുവാൻ വിശ്വവസു തയ്യാറായിരുന്നില്ല. എന്നിട്ടും തന്റെ കർത്തവ്യത്തിൽ നിന്ന് വിദ്യാപതി പിന്മാറിയില്ല. അയാൾ വിശ്വവസുവിന്റെ സമീപത്ത് താമസമാക്കി. ഏറെ നാൾ കഴിയും മുൻപ് വിശ്വവസുവിന്റെ മകളുമായി അയാൾ ഇഷ്ടത്തിലായി. ഒടുവിൽ അവർ വിവാഹിതരാവുകയും ചെയ്തു.
തന്റെ ലക്‌ഷ്യം നേടാനായി ഭാര്യയിൽ വിദ്യാപതി സമ്മർദ്ദം ചൊലുത്താൻ തുടങ്ങി. മകളെ പ്രേരിപ്പിച്ചു വിശ്വവസു വിന്റെ മനസ്സ് മാറ്റുകയായിരുന്നു അയാളുടെ പദ്ധതി. നിരന്തരമായ നിരബന്ധങ്ങളുടെ ഒടുവിൽ നീലമാധവന്റെ പൂജാ വിഗ്രഹത്തെ കാണിച്ചു തരാൻ വിശ്വവസുവിനെ കൊണ്ട് സമ്മതിപ്പിക്കാൻ വിദ്യാപതിക്ക് സാധിച്ചു. വിശ്വവസുവാകട്ടെ വിദ്യാപതിയെ നീലമാധവഃ വിഗ്രഹമിരിക്കുന്ന ഗുഹയിലേക്ക് കൊണ്ടുപോയത് കണ്ണു കെട്ടിയാണ്. അതിബുദ്ധിമാനായ വിദ്യാപതി അവിടെയും തന്റെ തന്ത്രം പ്രയോഗിച്ചു. ഗുഹയിലേക്കുള്ള യാത്രയിൽ അയാൾ കയ്യിലൊരു കിഴി നിറയെ കടുക് കരുതിയിരുന്നു. തന്റെ യാത്രാ പഥത്തിൽ നിറയെ ആയ കടുക് മണികൾ അയാൾ വിതറിക്കൊണ്ടിരുന്നു. ഒടുവിൽ ഇരുവരും ഗുഹയിലെത്തി , വിദ്യാപതി നീലമാധവനെ കൺ കുളിർക്കെ കണ്ടു, തന്റെ ഉത്തരവാദിത്തം നിറവേറ്റി, സ്വരാജ്യത്തേക്ക് തിരിച്ചുപോയി രാജാവിനോട് വിവരങ്ങൾ അറിയിച്ചു.
നീല മാധവ വിഗ്രഹത്തിന്റെ ആരൂഢസ്ഥാനമറിഞ്ഞ ഇന്ദ്രദ്യുമ്‌ന മഹാരാജാവ് അവിടുത്തെ ദർശനത്തിനായി കാട്ടിലേക്ക് തിരിച്ചു.അപ്പോഴേക്കും വിദ്യാപതി പോയ പാതയിൽ അന്ന് വിതറിയ കദംബമണികൾ മുള പൊട്ടി ചെടികളായി വളർന്നു തുടങ്ങിയിരുന്നു. അത് നീല മാധവൻ ഇരിക്കുന്ന ഗുഹയിലേക്കുള്ള പാത തെളിച്ചു കൊടുത്തു. എന്നാൽ അവിടെയെത്തിച്ചേർന്ന ഇന്ദ്ര ദ്യുമ്ന രാജാവിന് ഇളിഭ്യനാകേണ്ടി വന്നു. നീലമാധവവിഗ്രഹം മണലിൽ താഴ്ന്ന് അപ്രത്യക്ഷമായി. തന്റെ പ്രയത്നങ്ങൾ പാഴായതിൽ നിരാശനായ രാജാവ് നീല മാധവ ദർശനം സാധ്യമാകുന്നത് വരെ ആ സവിധത്തിൽ നിരാഹാരമിരിക്കാൻ തീരുമാനിച്ചു. ഏറെ നാളുകൾക്ക് ശേഷം ഒരു അശരീരിയുണ്ടായി. സാഗരതീരത്ത് ചെന്നാൽ അവിടെ ഒരു വൃക്ഷത്തടി ജലത്തിൽ പൊങ്ങിക്കിടക്കുന്ന കാണാമെന്നായിരുന്നു അതിന്റെ ഉള്ളടക്കം. അത്ഭുത സുഗന്ധ വാഹിയായ ആ മരം ഉപയോഗിച്ച് ഒരു വിഗ്രഹമുണ്ടാക്കാൻ ആ അശരീരി രാജാവിനോട് കൽപ്പിച്ചു. അശരീരിയുടെ അന്ത്യത്തിൽ സാക്ഷാൽ ഭഗവാൻ ഇന്ദ്രദ്യുമ്നരാജാവിന് ദർശനവും നൽകി. ഭഗവദ് നിർദ്ദേശമനുസരിച്ച് ഇന്ദ്രദ്യുമ്‌നൻ സാഗരതീരത്തേക്കു യാത്രചെയ്യുകയും ആ മരം കണ്ടെത്തി കൊട്ടാരത്തിൽ എത്തിക്കുകയും ചെയ്തു. രാജാവിന് മാത്രം ദർശനം ലഭിച്ച ഭഗവാന്റെ സുന്ദര മോഹന രൂപം ആയ വൃക്ഷത്തടിയിൽ കൊത്തിയെടുക്കാൻ ശില്പികളെ നിയോഗിച്ചു. മഹാത്ഭുതമെന്നു പറയട്ടെ; ആ ശില്പികൾക്ക് ആ തടിയിൽ വെറും ഒരു പോറൽ വീഴ്‌ത്താൻ പോലും കഴിഞ്ഞില്ല. അതോടെ രാജാവ് വീണ്ടും പ്രാർത്ഥന തുടങ്ങി.
ഒടുവിൽ ദേവശിൽപിയായ വിശ്വകർമ്മാവ് നേരിട്ട് വേഷം മാറി ഇന്ദ്രദ്യുമ്നന്റെ കൊട്ടാരത്തിലെത്തി. വിഗ്രഹം കൊതിയുണ്ടാക്കാൻ തനിക്കു കഴിയുമെന്ന് ആഗതൻ അവകാശപ്പെട്ടപ്പോൾ സന്തുഷ്ടനായ രാജാവ് അതിനനുവദിച്ചു.പക്ഷെ 21 ദിവസം അടച്ചിട്ട വാതിലിനുള്ളിൽ ആയിരിക്കും തന്റെ ജോലി എന്ന് ആഗതൻ അറിയിച്ചു. അത് വരെ ഒരാൾ പോലും തന്നെ ശല്യം ചെയ്യരുതെന്നും വാതിൽ തുറക്കാൻ ശ്രമിക്കരുതെന്നും അയാൾ ആവശ്യപ്പെട്ടു. രാജാവ് ഇതിന് സമ്മതം മൂളി. ശിൽപി തന്റെ ജോലി ആരംഭിച്ചു. പക്ഷെ രാജ്ഞിയ്‌ക്ക് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ക്ഷമ നശിച്ചു. ശില്പി ചിലപ്പോൾ മരണപ്പെട്ടിട്ടുണ്ടാവും എന്ന് വരെ പറഞ്ഞു വാതിൽ തുറന്നു നോക്കാൻ അവർ രാജാവിനെക്കൊണ്ട് സമ്മതിപ്പിച്ചു.
ഒടുവിൽ രാജാവ് വാതിൽ തുറന്നു. വാക്ക് തെറ്റിച്ചു ബലം പ്രയോഗിച്ചു തുറന്ന വാതിലിനുള്ളിൽ അവർ കണ്ടത് അപൂർണമായ വിഗ്രഹമാണ്.ശിൽപി അപ്രത്യക്ഷനായിരുന്നു. പകുതി പോലും പണി തീരാതെ അംഗ ഭംഗം വന്ന വിഗ്രഹങ്ങൾ ബാക്കി. ആ രൂപങ്ങൾ ഇപ്പോഴും പുരിയിൽ കാണാം.
ഇതുകൂടാതെ പുരി ജഗന്നാഥന് മറ്റൊരു ഐതീഹ്യം കൂടിയുണ്ട്. മഹാവിഷ്ണുവിന്റെ അവതാരമാണ് ജഗന്നാഥൻ. പ്രപഞ്ചത്തിന്റെ നാഥനാണ് ജഗന്നാഥനെന്ന ശ്രീകൃഷ്ണൻ. വിശുദ്ധ ഹൈന്ദവ ഗ്രന്ഥങ്ങളായ ബ്രഹ്‌മപുരാണം, പദ്മപുരാണം, സ്‌കന്ദപുരാണം, കപില സംഹിത പ്രകാരം ജഗന്നാഥന്റെ സഹോദരിയാണ് സുഭദ്ര. സുഭദ്ര പുരിയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിച്ചതായി പറയപ്പെടുന്നു. ദേവി സുഭദ്രയുടെ ആഗ്രഹം നിറവേറ്റുന്നതിനായി ഭഗവാൻ ജഗന്നാഥനും ജ്യേഷ്ഠനായ ബലഭദ്രനും ചേർന്ന് പുരിയിലേക്ക് രഥം ഓടിച്ചു. ഈ രഥ യാത്രയെ ഓർമ്മിപ്പിക്കും വിധമാണ് രഥോത്സവം നടത്തപ്പെടുന്നത് എന്നും പറയപ്പെടുന്നു. രഥയാത്രയിൽ പങ്കെടുത്ത് രഥം വലിക്കുന്നത് പാപങ്ങളെ ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിനകത്ത് നിന്ന് ഭഗവാന്മാരെ പുറത്തെത്തിച്ച് ഭക്തർക്ക് ദർശനം കൊടുക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണ് പുരി ജഗന്നാഥ ക്ഷേത്രം.
ഇന്ദ്രദ്യുമ്‌നന രാജാവിന്റെ പത്‌നിയായ ഗുണ്ടിച്ച രാജ്ഞിയ്‌ക്ക് നൽകിയ വാഗ്ദാന പ്രകാരം എല്ലാ വർഷവും ജഗന്നാഥ ഭഗവാനും ബലരാമനും സഹോദരി സുഭദ്രയും പുരിയിലെ ഗുണ്ടിച്ച ക്ഷേത്രത്തിൽ ദർശനം നടത്തുന്നു. ഇന്ദ്രയമുന രാജാവാണ് ജഗന്നാഥ ക്ഷേത്രം പണികഴിപ്പിച്ചതെന്നും ഗുണ്ടിച്ച ക്ഷേത്രത്തിലെ വിശ്വകർമ്മാവാണ് വിഗ്രഹങ്ങൾ നിർമ്മിച്ചതെന്നുമാണ് വിശ്വാസം. ദർശനത്തിനെത്തുന്നത് രഥത്തിലാണെന്നും അതിനെ ഓർമ്മിപ്പിക്കും വിധമാണ് രഥോത്സവം നടത്തുന്നതെന്നുമാണ് വിശ്വാസം.
ആശയങ്ങൾക്ക് കടപ്പാട് : Indian Express ; Times Now ; Sanuj Suseelan















