ഷില്ലോംഗ്: മേഘാലയയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി ബിഎസ്എഫ്. സംസ്ഥാനത്തെ വെസ്റ്റ് ജയന്തിയാ ഹിൽസിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്നാണ് ഇവരെ അതിർത്തി സുരക്ഷാ സേന പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടുന്നത്.
ബംഗ്ലാദേശിലെ സിൽഹെത്, ഹബീബ്ഗഞ്ച് എന്നിവിടങ്ങളിലെ താമസക്കാരാണ് പിടിയിലായവർ. ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള ഉദ്ദേശത്തോടെയാണ് ഇവർ നുഴഞ്ഞുകയറിയതെന്ന് ഇവർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടക്കാൻ ഇവരെ സഹായിച്ച അഞ്ച് ഇന്ത്യക്കാരെയും കസ്റ്റഡിയിലെടുത്തതായി ബിഎസ്എഫ് അറിയിച്ചു.
അതേസമയം പിടികൂടിയ 10 പേരെയും ഇവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കളും തുടർനടപടികൾക്കായി ഡോക്കി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. ജനുവരി മുതൽ ഇതുവരെ കുടിയേറ്റം ലക്ഷ്യമിട്ട് അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് പ്രവേശിച്ച 26 ബംഗ്ലാദേശ് പൗരന്മാരെയാണ് ബിഎസ്എഫ് പിടികൂടിയത്.















