മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരിയായ താരമാണ് നവ്യ നായർ. വിവാഹശേഷം സിനിമാ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം വർഷങ്ങൾക്ക് ശേഷം വികെ പ്രകാശിന്റെ സംവിധാനത്തിൽ അരങ്ങേറിയ ചിത്രമായ ഒരുത്തീയിലൂടെ ആയിരുന്നു തിരിച്ചുവരുന്നത്. പിന്നീട് സിനിമയ്‌ക്ക് പുറമേ സമൂഹമാദ്ധ്യമങ്ങളിലും ടെലിവിഷൻ ഷോകളിലുമുൾപ്പെടെ താരം തിളങ്ങി.ടെലിവിഷൻ ഷോയിലെ വിധികർത്താവായി ഇരിക്കവെയാണ് ഷോയിലൂടെ നവ്യ സർഗ്ഗയെ പരിചയപ്പെടുന്നത്. ഇപ്പോഴിതാ കുട്ടിയുടെ കുഞ്ഞു മനസിലെ ആഗ്രഹം സാധിച്ചു നൽകിയിരിക്കുകയാണ് താരം.
ഷോയിൽ പങ്കെടുക്കാനെത്തിയ കുട്ടി സർഗ്ഗയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു വിമാനത്തിൽ കയറുക എന്നത്.അന്ന് ഷോയിൽ ഇക്കാര്യം പരാമർശിച്ചപ്പോൾ സാധിച്ചു നൽകാമെന്നും നവ്യ വാക്ക് നൽകുകയുണ്ടായി. ഇപ്പോഴിതാ സർഗ്ഗക്കുട്ടി വിമാനത്തിൽ കയറിയതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ടിക്കറ്റാണ് നവ്യ എടുത്ത് നൽകിയത്. ഇതിന് പുറമേ ബംഗളൂരുവിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസവും മറ്റ് ചെലവുകളും നവ്യ തന്നെ വഹിക്കുകയായിരുന്നു. വേദിയിൽ സർഗ്ഗയുടെ വീഡിയോ കാണിച്ചപ്പോൾ നവ്യ വളരെ വികാരഭരിതയായ നിമിഷങ്ങളും പങ്കുവെച്ചിട്ടുണ്ട്. അമ്മയ്‌ക്കും അച്ഛനും ഒപ്പമായിരുന്നു സർഗ്ഗയുടെ യാത്ര. ഇപ്പോഴിതാ കുഞ്ഞ് മനസ് സന്തോഷിക്കുന്നതിന്റെ വിഡിയോ കണ്ട ആരാധകർ നവ്യയെ അഭിനന്ദിക്കുകയാണ്. നവ്യ ചെയ്ത പ്രവർത്തി മറ്റുള്ളവർക്ക് മാതൃകയാണെന്നും ആരാധകർ പറയുന്നു.















