തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരായ വാദങ്ങളുമായി പാളയം ഇമാം വി പി സുബൈർ മൗലവി. തിരുവനന്തപുരത്ത് പെരുന്നാള്‍ സന്ദേശം നല്‍കുന്നതിനിടെയാണ് ഇമാം ഏക സിവിൽ കോഡിനെതിരെയുള്ള അഭിപ്രായം പ്രകടിപ്പിച്ചത്. ഏക സിവിൽ കോഡ് നടപ്പിലാക്കിയാൽ രാജ്യത്തിന്റെ വൈവിധ്യം തകരുമെന്നും ഇമാം പറഞ്ഞു.
ഏക സിവിൽ കോഡ് ഭരണഘടനാ ലംഘനമാണ് എന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനോടുള്ള ഇസ്ലാം വിശ്വാസികളുടെ വിയോജിപ്പ് അവരുടെ വിശ്വാസത്തിന്റെ താത്പര്യം കൂടിയാണ്. ഇത്തരത്തിലുള്ള നിയമനിര്‍മാണം ശരിയത്ത് അനുസരിച്ചുള്ള ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുന്നതിനാലാണ് ഗൗരവകരമായി എതിര്‍ക്കേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഒന്നു മാത്രമാണ് പൊതുവ്യക്തിനിയമം. മൗലികാവകലാശങ്ങളേക്കാള്‍ മുൻഗണന അത് അര്‍ഹിക്കുന്നില്ല.ഏക സിവിൽ കോഡിനെ ഒരുമിച്ച് നിന്ന് എതിർക്കണമെന്നും ഇമാം കൂട്ടിച്ചേർത്തു.
യൂട്യൂബർ തൊപ്പിക്കെതിരെയും പാളയം ഇമാം പ്രതികരിച്ചു. യൂട്യൂബർ തൊപ്പി സാമൂഹികമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളേയും ഭക്ഷണത്തേയും അവഹേളിക്കുന്നു. പുതുതലമുറ ആരെയാണ് പിന്തുടരുന്നതെന്ന് മനസിലാക്കാൻ സാധിക്കുന്നില്ലെന്നും ഇമാം പറഞ്ഞു.തെറ്റിലേക്ക് പോകുന്ന പുതുതലമുറക്കാരെ തിരുത്തണം. നല്ല കാര്യങ്ങൾ പ്രചരിപ്പിക്കാൻ ഇത്തരക്കാരെ ഉപയോഗിക്കണമെന്നും ഇമാം പറഞ്ഞു. നമ്മുടെ നാട് വൈവിധ്യവും ബഹുസ്വരതയും നിറഞ്ഞതാണ്. ഐസിസ് ഇസ്ലാമല്ലെന്നും ഇമാം പറഞ്ഞു. പെരുന്നാളിനോടനുബന്ധിച്ച് തിരുവനന്തപുരം പാളയം ഇമാമിന്റെ നേത്യത്വത്തിൽ നടന്ന ഈദ് നമസ്കാരത്തിലാണ് അദ്ദേഹം സംസാരിച്ചത്.
Comments