ഇന്ത്യയിലെ പ്രമുഖ വെയറബിൾ നിർമ്മാതാക്കളായ ഫയർ-ബോൾട്ട് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച സവിശേഷതകളുമായിട്ടാണ് ഫയർ-ബോൾട്ട് ഗ്രനേഡ് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. 360×360 പിക്സൽ റെസല്യൂഷനുള്ള 1.39 ഇഞ്ച് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിംഗ് സപ്പോർട്ട് എന്നിവയാണ് ഈ സ്മാർട്ട് വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത. ആകർഷകമായ ഡിസൈനും ഈ വാച്ചിന് ഫയർ-ബോൾട്ട് നൽകിയിട്ടുണ്ട്. നിരവധി ഫിറ്റ്നസ്, ഹെൽത്ത് ഫീച്ചറുകളും ഈ സ്മാർട്ട് വാച്ചിലുണ്ട്.
ഈ വാച്ച് ഹൃദയമിടിപ്പ്, ഉറക്കം, എസ്പിഒ2 ലെവൽ എന്നിവയെല്ലാം നിരീക്ഷിക്കാനുള്ള സെൻസറുകളുമായിട്ടാണ് വരുന്നത്. 123 സ്‌പോർട്‌സ് മോഡുകൾ ട്രാക്കുചെയ്യുന്നതിനുള്ള സംവിധാനവും ഫയർ-ബോൾട്ട് ഗ്രനേഡ് സ്മാർട്ട് വാച്ചിലുണ്ട്. ഗോൾഡ് ബ്ലാക്ക്, ഗൺപൗഡർ ബ്ലാക്ക്, ഓറഞ്ച് ഗോൾഡ്, കാമോ-ഗ്രീൻ, കാമോ-ബ്ലാക്ക് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഫയർ-ബോൾട്ട് ഗ്രനേഡിന്റെ സിലിക്കൺ സ്ട്രാപ്പിനുള്ളത്. ഇവരുടെ തന്നെ വെബ്സൈറ്റായ ഫയർ-ബോൾട്ടിലൂടെ വാങ്ങാൻ കഴിയുന്നതാണ്. സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 1,999 രൂപയാണ് വില.
സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് കോളിങ്ങും സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട്‌ഫോണുമായി കണക്റ്റ് ചെയ്തിരിക്കുമ്പോൾ വാച്ച് സ്‌ക്രീനിൽ നിന്ന് നേരിട്ട് ഫോൺ കോളുകൾ വിളിക്കാനും ഫോണിലേക്ക് വരുന്ന കോളുകൾ എടുക്കാനും സാധിക്കും. കണക്‌റ്റ് ചെയ്‌ത ഫോൺ വഴി ഗൂഗിൾ അസിസ്റ്റന്റിനും സിരിക്കുമുള്ള സപ്പോർട്ടും ഈ സ്മാർട്ട് വാച്ച് നൽകുന്നുണ്ട്. സ്മാർട്ട് വാച്ചിൽ ഉപയോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാവുന്ന 100 ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകളുമുണ്ട്. ഇതിൽ നിന്നും ആവശ്യമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്.















