തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചുമതലയേറ്റ പോലീസ് മേധാവിക്ക് നൽകിയ ഗാർഡ് ഓഫ് ഓണറിൽ ഗുരുതര പിഴവ്. ഇന്നലെ വൈകിട്ടായിരുന്നു ഷെയ്ഖ് ദർവേഷ് സാഹിബ് ചുമതലയേറ്റത്. കെഎപി അഞ്ചാം ബറ്റാലിയൻ പോലീസുകാരാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. ഇതിൽ തോക്ക് ഉയർത്തുന്നതിലാണ് പിഴവ് ഉണ്ടായത്. പോലീസുകാർക്ക് നിർദ്ധേശം നൽകിയതിൽ പിശക് പറ്റുകയായിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെ ഉണ്ടായിരുന്ന വേദിയിലാണ് പിഴവുണ്ടായത്. സംഭവത്തിൽ എഡിജിപി ഡ്യൂട്ടി ഓഫീസറോട് റിപ്പോർട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെറ്റുവരുത്തിയ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കും. നേരത്തെ ഡിജിപിമാരായ എസ് ആനന്ദകൃഷ്ണനും ഡോ. ബി സന്ധ്യക്കും നൽകിയ യാത്രയയപ്പ് പരേഡിലും സമാനമായ പിഴവുകൾ സംഭവിച്ചിരുന്നു. അന്ന് വനിതാ ബെറ്റാലിയനിലാണ് പിഴവുണ്ടായത്. നിലവിൽ വനിതാ ബെറ്റാലിയന് പുനർ പരിശീലനം നൽകുകയാണ്.
യാത്രയയപ്പിൽ വിവിധ പ്ലറ്റൂണുകൾ വെടിയുതിർക്കുന്ന ചടങ്ങിൽ വനിതാ ഉദ്യോഗസ്ഥരുടെ തോക്കിൽ നിന്ന് വെടി പൊട്ടാതിരുന്നതിന് നടപടിയും സ്വീകരിച്ചിരുന്നു. 35 വനിതാ പോലീസ് ഉദ്യോഗസ്ഥർക്കാണ് ഒരാഴ്ച ശിക്ഷാ നടപടിയുടെ ഭാഗമായി പരിശീലനം നൽകിയത്. വനിതാ ബെറ്റാലിയനിൽ അഞ്ചുപേരുടെ തോക്കിൽ നിന്നാണ് വെടി പൊട്ടാതിരുന്നത്.
Comments