ഹൈദരാബാദ്: ജൂലൈ എട്ടിന് തെലങ്കാന സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദർശനത്തിൽ നിരവധി പൊതു പരിപാടികളിലും വാറങ്കലിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. തെലങ്കാനയിലെ മൂന്ന് ദേശീയ പാതകളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും.
വാറങ്കലിൽ നടപ്പിലാക്കുന്ന വാഗൺ നിർമ്മാണ യൂണിറ്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. വാഗൺ നിർമ്മാണ യൂണിറ്റ് പ്രാബല്യത്തിൽ വരുന്നതോടെ മൂവായിരത്തിലധികം യുവാക്കൾക്കാണ് ജോലി ലഭിക്കുന്നത്. ഇത് വാറങ്കലിന്റെ വ്യാവസായിക വികസനത്തിന് ഉത്തേജനം നൽകും.
ചുരുങ്ങിയ സമയത്തിനുള്ളിൽ വാഗൺ പദ്ധതി പൂർത്തീകരിക്കുമെന്നും ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ തെലങ്കാനയിൽ ബിജെപി നേതാക്കൾ യോഗം ചേരുമെന്നും ബിജെപി വക്താവ് പ്രകാശ് റെഡ്ഡി പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. തെലങ്കാനയ്ക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments