ആഗ്ര: ഗുരുപൂർണ്ണിമ ദിനമായ ഇന്ന് ആഗ്രയിലെ റാവത്പാറയിലെ മങ്കമേശ്വർ മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിന് വൻ ഭക്തജനത്തിരക്ക്. പുലർച്ചെ മുതൽ നിരവധി ഭക്തജനങ്ങളാണ് ദർശനം തേടിയെത്തിയത്. കൂടാതെ, രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള ഭക്തർ ഉത്തർപ്രദേശിലെ വാരാണാസി ജില്ലയിലെ അഘോർപീഠം, ബാബ കീനാരം എന്നിവിടങ്ങളിൽ ഗുരുപൂർണ്ണിമ ദിനം ആഘോഷിച്ചു.
ആഷാഢ മാസത്തിലെ പൗർണമി ദിനമാണ് ഗുരുപൂർണ്ണിമയായി ആചരിക്കുന്നത്. വേദ വ്യാസന്റെ ജന്മദിനമാണ് ഗുരുപൂർണ്ണിമയെന്നാണ് ഭാരതീയ സങ്കൽപ്പം. പ്രാചീന ഭാരതത്തിൽ ഗുരുപൂർണ്ണിമയ്‌ക്ക് പല ഐതിഹ്യങ്ങളുണ്ട്. ഹൈന്ദവ വിശ്വാസികൾ വേദ വ്യാസനെയും, ബുദ്ധമത വിശ്വാസികൾ ഗൗതമ ബുദ്ധനെയും ഗുരുപൂർണ്ണിമ ദിനത്തിൽ ആരാധിക്കും. ഗുരുവെന്ന സങ്കല്പത്തിന് മുന്നിൽ സർവതും സമർപ്പിക്കണമെന്നാണ് ഭാരതീയാചാരം. ഭാരതീയ സംസ്കാരത്തിന്റെ ആധാരശിലകളായ വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുക്കളുമെല്ലാം ഗുരുവെന്ന സങ്കൽപ്പത്തെയാണ് വാഴ്‌ത്തുന്നുന്നത്. അന്ധകാരത്തിൽ അകപ്പെട്ട് തെറ്റും ശരിയും തിരിച്ചറിയാത്ത മനുഷ്യർക്ക് നേർവഴി കാട്ടുകയെന്നതാണ് ഭാരതീയ ഗുരു സങ്കൽപം.
ഗു , രു എന്നീ സംസ്‌കൃത അക്ഷരങ്ങളിൽ നിന്നാണ് ഗുരുവെന്ന വാക്ക് രൂപം കൊള്ളുന്നത്. സംസ്‌കൃതത്തിൽ ഗു എന്നാൽ അന്ധകാരമെന്നും , രു എന്നാൽ ഇല്ലാതാക്കുന്നവൻ എന്നുമാണ് അർത്ഥം. അതായത് അന്ധകാരത്തെ ഇല്ലാതാക്കുന്നവനാണ് ഗുരു. നിത്യജീവിതത്തിൽ ഗുരുവിന്റെ പങ്ക് വളരെ വലുതാണെന്ന തിരിച്ചറിവാണ് ഭാരതത്തിൽ ഗുരുപൂർണ്ണിമ ദിനം ആചരിക്കുന്നതിന് കാരണമായത്. ഹൈന്ദവ വിശ്വാസികൾ ഗുരുപൂർണ്ണിമ ദിനത്തിൽ വ്യാസ മഹർഷിയെ ആരാധിക്കുന്നതിനാൽ ഈ ദിനം വ്യാസ പൂർണ്ണിമ എന്ന പേരിലും അറിയപ്പെടുന്നു.















