തെന്നിന്ത്യൻ സൂപ്പർ താരം രാം ചരണും ഭാര്യ ഉപാസനയും അടുത്തിടെയായിരുന്നു ഹൈദരാബാദിൽ ഒരു ആഡംബര വീട് സ്വന്തമാക്കിയത്. 25,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ മാളിക രൂപകല്പന ചെയ്തത് പ്രശസ്ത ഡിസൈനർ തരുൺ തഹ്ലിയാനിയാണ്. താര കുടുംബം ജൂബിലി ഹിൽസിൽ പണിത പുതിയ വീട് അത്യാധുനിക സൗകര്യങ്ങൾക്കൊപ്പം തന്നെ പരമ്പരാഗത വാസ്തുശൈലിയും ഒത്തുചേരുന്ന തരത്തിലാണ്.
ലിവിംഗ് റൂമിന്റെ ഭിത്തികളും സീലിംഗുകളും ജെയ്ഡ് ഉപയോഗിച്ച് വർണാഭമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്. യൂണീക് ഡിസൈനിലുള്ള ചെസ്സ് ബോർഡ് ഫ്ളോറിംഗും വുഡൻ പാനലുകളും കൂടുതൽ റോയൽ ലുക്ക് നൽകുന്നുണ്ട്. വീടിന്റെ പലകോണുകളിലായി നൽകിയിരിക്കുന്ന പെയിന്റിംഗുകളും ആർട്ട് വർക്കുകളും വീടിന്റെ ഭംഗി കൂട്ടുന്നുണ്ട്.
ആഡംബര വീടിന്റെ എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത വിശാലമായ ഡൈനിംഗ് ഏരിയയാണ്. അത്യാധുനിക സൗകര്യങ്ങളും സീറ്റിംഗും ലൈറ്റിംഗുമാണ് ഈ റൂമിന്റെ പ്രത്യേകത. ദൈവവിശ്വാസിയായ ഒരാളാണ് രാം ചരൺ. അത് ഈ മാളികയിലും കാണാവുന്നതാണ്. വീടിന്റെ ബേസ്മെന്റിൽ തന്നെ വലിയൊരു പൂജാമുറി ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദിന്റെ തനതായ നിസാമി മോട്ടിഫുകളും ചുമരുകളിൽ കാണാവുന്നതാണ്. വീടിന്റെ വിവിധ ഭാഗങ്ങളിൽ ചെടികൾ വെച്ചിരിക്കുന്നത് കൂടുതൽ ശാന്തമായ പ്രതീതിയാണ് നൽകുന്നത്.
അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയ ഒരു ജിംനേഷ്യവും നീന്തൽകുളവും വീടിനോട് ചേർന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിനയത്തിന് പുറമെ
സ്പോർട്സിലും താൽപ്പര്യമുള്ള രാംചരൺ വീട്ടുമുറ്റത്ത് ഒരു ടെന്നീസ് കോർട്ടും ഒരുക്കിയിട്ടുണ്ട്. വലിയ മുറികൾ, പച്ചപ്പ് നിറഞ്ഞ മുറ്റം, അതിമനോഹരമായ ഇന്റീരിയറുകൾ, മാർബിൾ വർക്കുകൾ എന്നിവയാൽ വിശാലമാണ് രാം ചരണിന്റെയും ഉപാസനയുടെയും പുതിയ മാളിക.
1370 കോടി രൂപ ആസ്തിയുള്ള നടന് മുംബൈയിൽ മറ്റൊരു മനോഹരമായ വീടുമുണ്ട്.
Comments