നാനാത്വത്തിൽ ഏകത്വം പാലിക്കുന്ന രാജ്യമാണ് ഭാരതം. അതിനാൽ തന്നെ ലോകപ്രശസ്തമാണ് ഇന്ത്യൻ പാരമ്പര്യവും വൈവിധ്യങ്ങളും. വിദ്യാഭ്യാസ കാര്യത്തിലും രാജ്യം ബഹുദൂരം മുന്നിലാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സാക്ഷരതയുള്ള ഗ്രാമം ഇന്ത്യയിലാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
രാജ്യത്ത് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമായ കേരളത്തിൽ അല്ല ആ ഗ്രാമം എന്നതും ശ്രദ്ധേയമാണ്. ഉത്തർപ്രദേശിലാണ് ആ സമ്പൂർണ സാക്ഷരഗ്രാമം. അലിഗഡ് ജില്ലയിലെ ധോറ മാഫി എന്ന ഗ്രാമത്തിനാണ് ഇന്ത്യയിൽ ആദ്യം സമ്പൂർണ സാക്ഷരത കൈവരിച്ച ഗ്രാമമെന്ന ഖ്യാതി. 2002-ലാണ് ഈ ഗ്രാമം ‘ലിംഗ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ’ ഇടംനേടിയത്. 75 ശതമാനത്തിലധികമാണ് ഗ്രാമത്തിലെ സാക്ഷരത. ഏഷ്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള ഗ്രാമമാണിത്. പതിനായിരത്തിലധികം പേരാണ് ഇവിടെ താമസിക്കുന്നത്. നിരവധി ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും പ്രൊഫസർമാരെയും രാജ്യത്തിന് സമർപ്പിച്ചത് ഈ കുഞ്ഞുഗ്രാമത്തിൽ നിന്നാണെന്നത് അഭിമാനകരമായ നേട്ടമാണ്.
ഗ്രാമത്തിലെ 80 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരാനാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുതിർന്നവരിൽ ഭൂരിഭാഗം ആളുകൾക്കും സ്വന്തമായി ജോലി ഉള്ളവരാണ് എന്നതും ഗ്രാമത്തിന്റെ മാത്രം പ്രത്യേകതയാണ്. കൃഷിയ്‌ക്ക് പകരം വിദ്യാഭ്യാസത്തെ ഉപജീവനമാർഗമായി കാണുന്നവരാണ് ഇവിടുത്തെ ജനങ്ങൾ. ജനങ്ങൾ തമ്മിലുള്ള സഹോദര്യവും ഐക്യവുമാണ് ധോറ മാഫി എന്ന ഗ്രാമത്തിലെ മറ്റൊരു പ്രത്യേകത. വ്യത്യസ്ത സമുദായങ്ങളിൽ പെട്ടവരും വിഭാഗങ്ങളിൽ പെട്ടവരും യാതൊരു വിവേചനവുമില്ലാതെയാണ് ഇവിടെ കഴിയുന്നത്.















