ഭൂരിപക്ഷം മലയാളികളുടെയും ഭക്ഷണത്തിൽ ഉൾപ്പെടുത്താത്ത പച്ചക്കറിയാണ് ബ്രൊക്കോളി. എന്നാൽ അധികമാരും ഉപയോഗിക്കാത്ത ഈ പച്ചക്കറിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇത് പതിവാക്കും.
ബ്രൊക്കോളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ഇതിലെ ആന്റി ഓക്‌സിഡന്റുകൾ ക്യാൻസർ സാദ്ധ്യതകളെ തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബ്രൊക്കോളിയിൽ മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി അടങ്ങിയ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിലെ ചുളിവുകളെ തടയാനും കൊളാജിൻ ഉൽപാദനം വർധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ചർമ്മത്തിലെ ദൃഢത നിലനിർത്താനും യുവത്വമുള്ള ചർമ്മം സ്വന്തമാക്കാനും സഹായിക്കും. ആന്റി ഓക്‌സിഡൻറുകൾ ധാരാളം അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് മുഖക്കുരു കുറയ്‌ക്കുന്നത് സഹായിക്കും. കൂടാതെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഈ പച്ചക്കറി. തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ ബ്രൊക്കോളി പതിവായി കഴിക്കുന്നത് നല്ലതാണ്. പ്രമേഹരോഗത്തെ നിയന്ത്രിക്കാൻ ബ്രൊക്കോളിയ്‌ക്ക് കഴിയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കാർബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാൻ സഹായിക്കും.















