ആരോഗ്യപ്രശ്നങ്ങൾക്ക് ഏറ്റവും നല്ല പ്രതിവിധിയാണ് സാലഡുകൾ. സാലഡിൽ വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കുന്നതിനും സാലഡ് ഗുണം ചെയ്യും. അധികം കാലറികൾ ഇല്ലാതെ വയറുനിറയ്ക്കാം എന്നത് സാലഡിന്റെ എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. ദിവസവും സാലഡ് കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാൻ സലാഡുകൾ സഹായിക്കുന്നു
സാലഡുകളിൽ കലോറി കുറവാണ്. അതിനാൽ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും നൽകുന്നു. അവ ധാരാളം കഴിക്കുന്നത് അധിക കിലോ കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.
ഫൈബർ ഉപഭോഗം വർദ്ധിപ്പിക്കുന്നു
ശരീരത്തിന് ഗുണകരമായ പ്രകൃതിദത്ത നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ് സാലഡിന്റെ ഏറ്റവും വലിയ ഗുണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സാലഡ് സഹായിക്കുന്നു. മലവിസർജ്ജനം ക്രമപ്പെടുത്തുന്നതിനൊപ്പം ആരോഗ്യകരമായ ഭാരം നിലനിർത്താനും ഇത് സഹായകമാകുന്നു. സ്തനാർബുദം, വൻകുടൽ, തൊണ്ട, അന്നനാളം, വായിലെ കാൻസർ തുടങ്ങി പല തരത്തിലുള്ള ക്യാൻസറുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും നാരുകൾ സഹായിക്കുന്നു. ഗ്രീൻ പീസ്, ബ്രോക്കോളി, പയർ, ബീൻസ് എന്നിവയെല്ലാം നിങ്ങളുടെ സാലഡിൽ ഉൾപ്പെടുത്തേണ്ട ഉയർന്ന ഫൈബർ ചേരുവകളാണ്.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു
നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവ് ഇടയ്ക്കിടയ്ക്ക് പരിശോധിക്കുന്നത് നല്ലതാണ്. ഫൈബർ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ കൊളസ്ട്രോൾ കുറയും. പയറ്, അവോക്കാഡോ എന്നിവ നിങ്ങളുടെ സലാഡുകളിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ദഹനം മെച്ചപ്പെടുത്തുന്നു
കാരറ്റ്, ബ്രോക്കോളി, മുള്ളങ്കി തുടങ്ങിയവ സാലഡിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. കൂടാതെ സാലഡിൽ ചീസ്,വിനാഗിരി, തൈര് എന്നിവ ഉൾപ്പെടുത്തണം. ഇത് വയറിന് നല്ലതാണ്.
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു
സാലഡുകൾ എളുപ്പത്തിൽ ലഭ്യമാകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്. സാലഡിലെ ബീൻസ്, ചെറുപയർ തുടങ്ങിയ ആരോഗ്യകരമായ പരിപ്പുകളും പയർവർഗ്ഗങ്ങളും നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കും.
ക്യാൻസർ സാധ്യത കുറയ്ക്കാൻ
സാലഡുകളിലെ പച്ചക്കറികളിൽ ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാനും സഹായിക്കും.















