ബാങ്കോക്ക്: ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിംഗ് തൂർ ഇന്ത്യയ്‌ക്കായി നാലാം സ്വർണം നേടി. ഞരമ്പിന് പരിക്കേൽക്കുന്നതിന് തൊട്ടുമുമ്പ് തന്റെ രണ്ടാം ശ്രമത്തിൽ 20.23 മീറ്റർ എറിഞ്ഞിട്ടാണ് താരം ഏഷ്യൻ ചാമ്പ്യനായത്.
ഇറാന്റെ സബേരി മെഹ്ദി 19.98 മീറ്റർ എറിഞ്ഞ് വെള്ളിയും കസാക്കിസ്ഥാന്റെ ഇവാൻ ഇവാനോവ് 19.87 മീറ്ററുമായി വെങ്കലവും നേടി. ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് ഒരു മാസം മാത്രം ശേഷിക്കെ തജീന്ദർപാൽ സിംഗിന്റെ പരിക്ക് ആശങ്കയുണർത്തുന്നു. തുടർച്ചയായി ഏഷ്യൻ ചാമ്പ്യൻഷിപ്പ് കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ഷോട്ട്പുട്ടറായി മാറി ഇതോടെ തൂർ. കഴിഞ്ഞ മാസം ഭുവനേശ്വറിൽ നടന്ന ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 21.77 മീറ്റർ എറിഞ്ഞ് ഏഷ്യൻ റെക്കോർഡോടെ താരം ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയിരുന്നു.
2022-ലെ ലോക ചാമ്പ്യൻഷിപ്പും ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസും ഞരമ്പിനേറ്റ പരിക്കിനെ തുടർന്ന് താരത്തിന് നഷ്ടമായിരുന്നു.















